നവവധുവിന്റെ മരണം കൊലപാതകമെന്ന് പരാതി; ലക്ഷ്യം കോടികളുടെ സ്വത്ത്, ഭർത്താവും കുടുംബവും   ഒളിവിൽ 

Saturday 09 May 2026 10:35 PM IST

നോയിഡ: 22കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് കേസിന് ആസ്‌പദമായ സംഭവം. മോണിക്ക നാഗർ എന്ന യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുമ്പ് കൊല്ലപ്പെട്ടത്. കോടികളുടെ സ്വത്ത് കൈക്കലാക്കാൻ ഭർത്താവായ അനുജ് ചൗഹാനും ഇയാളുടെ കുടുംബവും ചേർന്ന് മോണിക്കയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന മോണിക്കയും അനുജും ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദനം തുടങ്ങിയതായി മോണിക്കയുടെ ബന്ധു അനിൽ പറഞ്ഞു. കോടികളുടെ ഭൂമി തങ്ങളുടെ പേരിലേക്ക് മാറ്റാൻ ഭർതൃവീട്ടുകാർ നിരന്തരം യുവതിയെ സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മോണിക്ക വീട്ടുകാരെ വിളിച്ച് താൻ ക്രൂരമായി മർദ്ദനത്തിന് ഇരയാകുകയാണെന്ന് അറിയിച്ചിരുന്നു. വസ്‌തു എഴുതി നൽകിയില്ലെങ്കിൽ തന്നെ അവർ കൊല്ലുമെന്ന് മോണിക്ക പറഞ്ഞതായും ബന്ധുക്കൾ വെളിപ്പെടുത്തി. വിവരം അറിഞ്ഞ് രാത്രി എട്ട് മണിയോടെ മോണിക്കയുടെ അമ്മ അവരുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഭർത്താവ് അനുജ് മോണിക്കയുടെ മൃതദേഹം ഒരു കാറിനുള്ളിലേക്ക് വയ്ക്കുന്നത് കണ്ടതായി അമ്മ പറഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോൾ അമ്മയെ ആക്രമിച്ച ശേഷം ഇവർ കാറുമായി കടന്നുകളയുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ചാണ് മോണിക്ക മരിച്ച വിവരം വീട്ടുകാർ അറിയുന്നത്.

മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുന്നതിന് മുൻപേ പൊലീസ് അത് ദഹിപ്പിച്ചതായും അവശിഷ്ടങ്ങൾ മാത്രമേ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുള്ളൂ എന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകി. നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും കുടുംബം മുന്നറിയിപ്പ് നൽകി.

മോണിക്കയുടെ സഹോദരന്റെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ദാദ്രി പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എത്രയും വേഗം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.