'വീണ്ടും പോസ്റ്റ്‌മോർട്ടം വേണം'; ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ഭോപ്പാൽ: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം.വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആവശ്യം.നോയിഡ സ്വദേശിയായ മുപ്പത്തിമൂന്നുകാരിയായ ട്വിഷ ശർമ്മയെയാണ് ഭോപാലിലെ കതാരാ ഹിൽസിലെ ഭർതൃവീട്ടിൽ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എയിംസിൽ നടത്തിയ ആദ്യ പോസ്‌റ്റ്‌മോർട്ടത്തിൽ ട്വിഷയുടേത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശരീരത്തിലെ മർദ്ദനമേറ്റതിന്റെ പാടുകൾ ചൂണ്ടികാട്ടിയാണ് കുടുംബം വീണ്ടും പോസ്‌റ്റ്‌മോർട്ടം നടത്തണമെന്ന് അവശ്യപ്പെട്ടത്. മൃതദേഹം ഏറ്റെടുക്കാനും സംസ്‌കാര ചടങ്ങുകൾ നടത്താനും വിസമ്മതിച്ച കുടുംബം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.അഞ്ച് ദിവസമായി മൃതദേഹം ഭോപ്പാൽ എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഞ്ചുമാസം മുൻപാണ് ഭോപ്പാലിലെ അഭിഭാഷകനായ സമർഥ് സിംഗും ട്വിഷയും വിവാഹിതരായത്. ഡേറ്റിംഗ് ആപ്പുവഴിയാണ് ഇരുവരും പരിചയപ്പെട്ടെതെന്നും പിന്നീട് വിവാഹിതരാകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹശേഷം ട്വിഷയ്ക്ക് ഭർതൃവീട്ടിൽനിന്ന് പീഡനം നേരിടേണ്ടിവന്നെന്നാണ് കുടുംബം പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകാൻ ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നു. റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു.
അടുത്തിടെ ട്വിഷ ഗർഭിണിയായെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും കുടുംബം ആരോപിക്കുന്നുണ്ട്. ട്വിഷയ്ക്ക് കുഞ്ഞിന് ജന്മം നൽകാനായിരുന്നു ആഗ്രഹം. എന്നാൽ ഇതുകേൾക്കാതെ ഭർതൃവീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത് മകളെ മാനസികമായി ഏറെ തളർത്തിയെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ യുവതിയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിംഗ്, ഭർതൃമാതാവും റിട്ട. ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. എന്നാൽ ഗിരിബാല സിംഗിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. സമർഥ് സിംഗ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.