വായിൽ തുണി തിരുകിയ നിലയിൽ, ചുണ്ടിലും കൈയിലും മുറിവുകൾ : റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനാണ് (62) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ നേപ്പാൾ സ്വദേശിയായ ജോലിക്കാരി കല്പനയുടെ നേതൃത്വത്തിൽ നടത്തിയ കവർച്ചയ്ക്കിടെയാണ് തനുജ രഞ്ജൻ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ 2019ൽ ജയിൽ ഡി.ജി.പിയായാണ് വിരമിച്ചത്. സംഭവ ദിവസം വിനയ് രഞ്ജൻ റേ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബംഗളുരുവിലായിരുന്നു. വീട്ടിൽ തനുജയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. രാവിലെ 9. 15ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോൾ മകൾ സുനന്ദയാണ് വാതിൽ തുറന്നുകൊടുത്തത്. സ്ഥിരം ജോലിക്കാരിയായ കല്പനയെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തനൂജയെ മുറിയിൽ കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. ഉടന ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണ് മരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാൻ ഏർപ്പെടുത്തിയ കല്പന എന്ന ജോലിക്കാരിയാണ് കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പൊലീസ് പറയുന്നു. ഇവർ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങളിൽ പുലർച്ചെ ഒരു മണിയോടെ മൂന്ന് പുരുഷന്മാർ വീട്ടിൽ കയറുന്നതും 2:30ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും പതിഞ്ഞിട്ടുണ്ട്. പ്രതികൾ ഓട്ടോറിക്ഷയിൽ നമ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിയതായും അവിടെനിന്ന് തെലങ്കാന എക്സ്പ്രസ്സിൽ നാഗ്പുർ ഭാഗത്തേക്ക് കടന്നതായും പൊലീസ് കണ്ടെത്തി.