അവിഹിതം സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; വെൽഡിംഗ് തൊഴിലാളി അറസ്റ്റിൽ
പൂനെ: അവിഹിതമുണ്ടെന്ന് സംശയിച്ച് 25കാരിയായ ഭാര്യയെ മർദ്ദിച്ച് അവശയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ക്രൂരത. മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. വെൽഡിംഗ് തൊഴിലാളിയായ ഭർത്താവ് യുവതിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം വിവരം പുറത്തുപറയാതിരിക്കാൻ വീട്ടിൽ പൂട്ടിയിടുകയും ചികിത്സ നിഷേധിക്കുകയും ചെയ്തു.
ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് ഭയന്നു കഴിഞ്ഞ യുവതി ഒരു മാസത്തിന് ശേഷം മേയ് 15നാണ് പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. വെൽഡിംഗ് തൊഴിലാളിയായ പ്രതിക്ക് ഭാര്യയെ എപ്പോഴും സംശയമായിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഫ്‌ളോർ ക്ലീനിംഗ് ആസിഡ് എടുത്ത് യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പൊള്ളലേറ്റ് അലറിക്കരഞ്ഞ യുവതി തന്നെ ആശുപത്രിയിൽ എത്തിക്കാൻ കെഞ്ചിയെങ്കിലും പ്രതി അതിന് തയ്യാറായില്ല. വിവരം ആരോടെങ്കിലും പറയുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ആസിഡ് ആക്രമണത്തിന് ഇരയായി ദിവസങ്ങളോളം വേദന തിന്നു കഴിഞ്ഞ യുവതി അടുത്തിടെ ഭർത്താവിന്റെ കണ്ണുവെട്ടിച്ചാണ് മാതാപിതാക്കളുടെ വീട്ടിലെത്തിയത്. അവിടെ വച്ച് തനിക്ക് നേരിടേണ്ടി വന്ന ക്രൂരത മാതാപിതാക്കളോട് വിവരിച്ചു. തുടർന്ന് ഇവരുടെ പിന്തുണയോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.