11 ലക്ഷവും സ്‌കോർപിയോ കാറും സ്ത്രീധനമായി നൽകിയിട്ടും ക്രൂരപീഡനം; മകളെ കൊന്നതെന്ന ആരോപണവുമായി പിതാവ്

Monday 18 May 2026 5:16 PM IST

ലക്‌നൗ: ഭർതൃഗൃഹത്തിലെ ടെറസിൽ നിന്നുവീണ് യുവതി മരിച്ചു. ഗ്രേറ്റർ നോയി‌ഡയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. ദീപിക നഗർ (25) ആണ് മരിച്ചത്. ദീപികയെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പീ‌ഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

17 മാസം മുൻപായിരുന്നു ദീപികയുടെ വിവാഹം. ഒരു കോടി രൂപ മുടക്കിയാണ് മകളുടെ വിവാഹം നടത്തിയതെന്ന് ദീപികയുടെ മാതാപിതാക്കൾ പറയുന്നു. ഭർതൃവീട്ടുകാർ ഫോർച്യുണർ കാറും 51 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 11 ലക്ഷം രൂപയും 50 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും സ്‌കോർപിയോ കാറും ഫർണിച്ചറുമാണ് സ്ത്രീധനമായി നൽകിയതെന്ന് ദീപികയുടെ പിതാവ് സഞ്ജയ് നഗർ പറഞ്ഞു. തങ്ങൾ പൊലീസിൽ പരാതിപ്പെട്ടില്ല. കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് കരുതിയതായും പിതാവ് പറഞ്ഞു.

ഭർത്താവും ഭർതൃവീട്ടുകാരും മർദ്ദിക്കുന്നുവെന്ന് ദീപിക ഇന്നലെ വീട്ടുകാരെ വിവരമറിയിച്ചിരുന്നു. തുടർന്ന് ദീപികയുടെ പിതാവും കുറച്ച് ബന്ധുക്കളും ഭർത്താവിന്റെ വീട്ടിലെത്തുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീടാണ് ടെറസിൽ നിന്ന് ദീപിക വീണതായും ഗുരുതരമായി പരിക്കേറ്റതായും കുടുംബത്തെ അറിയിക്കുന്നത്. ദീപികയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിതാവ് ആരോപിക്കുന്നത്. ദീപികയുടെ ശരീരത്തിൽ മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.

യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് റിതിക് തൻവാർ, റിതിക്കിന്റെ പിതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.