കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി; രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിയിൽ

Friday 15 May 2026 8:58 AM IST

കൊച്ചി: കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിയിൽ. എറണാകുളം മേക്കപ്പാല ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത് സി പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്‌‌കറിയ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

ഇന്നലെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിയിലായത്. എറണാകുളം കാക്കനാട്ടെ റെസ്റ്റോറ്റന്റിലെ രണ്ട് ജീവനക്കാരെ ഉടുമ്പിനെ കൊന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി. എല്ലാ ആഴ്‌ചയിലും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞയാഴ്‌ച ഒപ്പിടാനെത്തിയ പ്രതികളോട് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുകയായിരുന്നു. അടിയന്തരമായി പണം നൽകിയില്ലെങ്കിൽ കൂടുതൽ റെസ്റ്റോറന്റ് ജീവനക്കാരെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് വിജിലൻസ് നൽകിയ പണവുമായി ഉദ്യോഗസ്ഥർ അറസ്റ്റിലായത്.