വിദേശത്ത് ജോലിവാങ്ങിത്തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് പറ്റിച്ചത് ഒന്നും രണ്ടുമല്ല 95പേരെ, ജിബി വമ്പൻ തട്ടിപ്പുകാരൻ

Wednesday 06 May 2026 10:25 PM IST

കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ പറവൂർ പരുവത്തുരുത്ത് കളരിത്തറ വീട്ടിൽ കെ.എ. ജിബിയെ (39) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാല പടമുകളിലെ 'ഭീഷ്മാ എഡ്യുക്കേഷണൽ സർവീസ് എൽ.എൽ.പി' എന്ന സ്ഥാപനത്തിന്റെ ഉടമയാണിയാൾ. പൊലീസ് റെയ്ഡിൽ റിക്രൂട്ട്‌മെന്റിന് ആവശ്യമായ കേന്ദ്രസംസ്ഥാന അനുമതികൾ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. ഉദ്യോഗാർത്ഥികളുമായി ഒപ്പിട്ട കരാറുകൾ, പണം കൈപ്പറ്റിയ രസീതുകൾ, പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

95 പേരിൽ നിന്നായി ജിബിയും ഭാര്യ മെയ് മോളും ചേർന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. തുക ഹൈദരാബാദിലെ 'ജോയ് ഓവർസീസ്' എന്ന സ്ഥാപനത്തിലെ അജയ് കുണ്ടവരം, പ്രിൻസ് ലോഹ്യ എന്നിവർക്ക് കൈമാറിയതായി പ്രതി സമ്മതിച്ചു. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ മനോജ് കുമാർ, ഇൻസ്‌പെക്ടർ വിമോദ് എന്നിവരുടെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ വി.ബി. അനസ്, ബിബിൻ ബാബൂജി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.