സബ് ജയിലിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ പിടികൂടി

Sunday 26 January 2025 2:27 AM IST

കൊച്ചി: എറണാകുളം സബ് ജയിലിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. 14 കിലോ കഞ്ചാവുമായി റെയിൽവേ പൊലീസും എക്‌സൈസും പിടികൂടിയ പശ്ചിമബംഗാൾ സ്വദേശി മന്ദി ബിസ്വാസാണ് (24) ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ജയിൽ ചാടിയത്. രാത്രി എട്ടോടെ എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ ജയി​ലി​ന് സമീപമുള്ള മംഗളവനത്തിൽനിന്ന് സാഹസി​കമായി കീഴ്‌പ്പെടുത്തി​.

കക്കൂസിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനനുസരിച്ച് പ്രതിയെ ജയിൽ അധികൃതർ സെല്ലിൽനിന്ന് പുറത്തിറക്കിയിരുന്നു. ഈ തക്കത്തിന് മേൽക്കൂരയിലേക്ക് പിടിച്ചുകയറി കൂറ്റൻമതിലും മറികടന്ന് ഓടിമറയുകയായിരുന്നു. മംഗളവനത്തിന് സമീപത്തേയ്ക്കാണ് പ്രതി ഓടിമറഞ്ഞത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ലോഡ്ജുകൾ എന്നിവി​ടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് മംഗളവനം ഭാഗത്ത് വിശദമായി തെരയുകയായിരുന്നു.

എക്‌സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ചയാണ് മന്ദി ബിശ്വാസ് പിടിയിലായത്. കഞ്ചാവ് വിൽക്കാൻ എത്തിയതായിരുന്നു മന്ദി ബിസ്വാസ്. ഇവരുടെ പശ്ചാത്തലം അടക്കം അന്വേഷിച്ച് വരുന്നതിനിടെയാണ് ഇയാൾ ജയിൽചാടിയത്.