ഓട്ടോയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് അന്യസംസ്ഥാനക്കാർ അറസ്റ്റിൽ
കോലഞ്ചേരി: ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പൊലീസ് പിടികൂടി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. വടയമ്പാടി ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 6.550 കിലോകഞ്ചാവാണ് പിടികൂടിയത്. ഓട്ടോറിക്ഷയുടെ സീറ്റിനു പുറകുവശത്ത് പ്ലാസ്റ്റിക് ചാക്കിലുണ്ടായിരുന്ന അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവർ ഓട്ടംവിളിച്ചത്.
അന്വേഷണസംഘത്തിൽ ഡാൻസാഫ് ടീമിനെ കൂടാതെ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ കെ.ജി. ബിനോയ്, വി. ശശിധരൻ, പി.കെ. ലാൽ, എ.എസ്.ഐ കെ. സുരേഷ്കുമാർ, എസ്.സി.പി.ഒമാരായ പി.ആർ. അഖിൽ, എ.എ. അജ്മൽ, വിനു അബ്രഹാം, സി.പി.ഒ കെ. ആനന്ദ് എന്നിവരുണ്ടായിരുന്നു.