സ്വർണം വാഗ്ദാനംചെയ്ത് പണം തട്ടുന്നയാൾ പിടിയിൽ

Wednesday 06 May 2026 12:54 AM IST

കളമശേരി: വിവാഹപ്രായമായ പെൺകുട്ടികൾക്ക് ചാരിറ്റിയുടെ പേരിൽ സ്വർണം വാഗ്ദാനം ചെയ്ത് രക്ഷകർത്താക്കളിൽനിന്ന് സ്വർണംതട്ടുന്നയാളെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ കവിയൂർ എടക്കര കൂവക്കാട്ട് വീട്ടിൽ കെ. കുഞ്ഞുമോനാണ് പിടിയിലായത്. പത്തനാപുരം സ്വദേശിനി ഷഹാനയുടെ പരാതിപ്രകാരം ഏപ്രിൽ 25ന് ബംഗളൂരുവി​ൽ വച്ചാണ് അറസ്റ്റുചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

പൊലീസ് പറയുന്നത്: വിവാഹം നടത്തുന്നതിന് പള്ളി കമ്മിറ്റിക്കാർ സഹായം നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ബില്ല് കാണിച്ചാൽ കമ്മിറ്റിക്കാർ അതിന്റെ തുക നൽകുമെന്നും അതുകൊണ്ട് വിവാഹത്തിനുള്ള സ്വർണം വാങ്ങിപ്പിച്ച് ബില്ലും സ്വർണവുമായി ഇടപ്പള്ളി ലുലുമാളിൽ എത്തണമെന്നും ആവശ്യപ്പെട്ടു. ഇതനുസരി​ച്ച് മാർച്ച്‌ 4ന് ഉച്ചയ്ക്ക് 12.30ന് എത്തിയ യുവതിയിൽനിന്ന് സ്വർണവും ബില്ലുംവാങ്ങി താഴെയുള്ള പള്ളി കമ്മിറ്റിക്കാരെ കാണിച്ചിട്ട് വരാമെന്നുപറഞ്ഞ് പ്രതി മുങ്ങുകയായിരുന്നു. സമാനരീതിയിൽ 4,86000 രൂപയുടെ തട്ടിപ്പ് നടത്തിയതായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂർ, പത്തനാപുരം, തൃശൂർ, വളാഞ്ചേരി, കല്പറ്റ, കോഴിക്കോട്, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ആളുകളെ പറ്റിച്ചശേഷം ബംഗളൂരുവി​ലേക്ക് മുങ്ങുകയാണ് പ്രതിയുടെ രീതി.