അയിരൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: പ്രതികൾ അറസ്റ്റിൽ
വർക്കല: അയിരൂർ പൊലീസ് സ്റ്റേഷനുനേരെ,മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരി കത്തിച്ചെറിഞ്ഞ കേസിൽ കാപ്പക്കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.കാപ്പകേസ് പ്രതി അയിരൂർ വില്ലിക്കടവ് കല്ലുവിള വീട്ടിൽ ദേവനാരായണൻ(23),കായൽപ്പുറം എം.എസ് സദനത്തിൽ അഭിജിത്ത് (22) എന്നിവരും 16കാരനായ ഒരു വിദ്യാർത്ഥിയുമാണ് അയിരൂർ പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. വില്ലിക്കടവിൽ ഒരു വീട് കേന്ദ്രീകരിച്ച് പ്രതികൾ മദ്യപിച്ച് പരിസരവാസികൾക്ക് ഉപദ്രവമുണ്ടാക്കുന്നതായുള്ള പരാതിയെ തുടർന്ന്, അയിരൂർ പൊലീസ് സംഭവസ്ഥലത്തെത്തി. എന്നാൽ പൊലീസിന് നേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞ് ഇവർ രക്ഷപ്പെട്ടു.
പൊലീസ് സംഘം സ്റ്റേഷനിൽ മടങ്ങിയെത്തിയതിന് പിന്നാലെ ദേവനാരായണൻ,അഭിജിത്ത് എന്നിവർ ബൈക്കിൽ സ്റ്റേഷന് മുന്നിലെ റോഡിലെത്തി മണ്ണെണ്ണ നിറച്ച ബിയർ കുപ്പി തിരികൊളുത്തിയെറിയുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ അടുത്തദിവസം പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. അസഭ്യം വിളിച്ചതിനും,പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും,കൊലപാതകശ്രമത്തിനും സർക്കാർ സ്വത്തിന് നാശമുണ്ടാക്കുന്നതിനും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 3, 5 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോട്ടോ: ദേവനാരായണൻ, അഭിജിത്ത്