ബ്രൈമൂറിൽ നിന്നും കടത്തിയ തടിയും ലോറിയും കസ്റ്റഡിയിൽ
പാലോട്: ബ്രൈമൂർ എസ്റ്റേറ്റിൽ നിന്നും റബർ മരങ്ങൾ മുറിക്കാനുള്ള കരാറിന്റെ മറവിൽ കോടികളുടെ മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച ഒരു ലോഡ് തടി പാലോട് റേഞ്ച് ഓഫീസർ വിപിൻചന്ദ്രനും സംഘവും പിടികൂടി. പാലോട് റേഞ്ചിൽ മുമ്പ് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കൊള്ള നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. 99വർഷത്തേക്ക് സ്വകാര്യവ്യക്തി പാട്ടത്തിനെടുത്ത റവന്യു ഭൂമിയാണ് എസ്റ്റേറ്റ്. പാട്ടവ്യവസ്ഥകൾ അവസാനിച്ചിട്ട് വർഷങ്ങളേറെയായി. കരാറുകാരന്റെ മറവിൽ മുൻ വനപാലകനും സംഘവും കഴിഞ്ഞ ആറുമാസത്തിനിടെ കോടികൾ വിലമതിക്കുന്ന മരങ്ങളാണ് കടത്തിയത്. ബ്രൈമൂറിൽ നിന്നും പുറത്തേക്ക് വരാനായുള്ള വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് മങ്കയത്താണ്. ഇതേ ചെക്ക്‌പോസ്റ്റ് കടന്നാണ് തടി കടത്തുന്നത്. രണ്ട് മാസം മുൻപ് തടി കയറ്റിയ ലോറിയുമായി വന്നപ്പോൾ ചെക്ക്‌പോസ്റ്റ് തുറന്നു കൊടുക്കാൻ അല്‍പസമയം താമസിച്ചതിനാൽ ഡ്രൈവർ ചെക്ക്‌പോസ്റ്റ് ഇടിച്ചു മറിച്ചാണ് കടന്നുപോയത്. മാസങ്ങളോളം ഈ ചെക്ക്‌പോസ്റ്റ് തകർന്നു കിടന്നു. എന്നിട്ടും നഷ്ടപരിഹാരം ഈടാക്കാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തയാറായില്ല.