SignIn
Kerala Kaumudi Online
Saturday, 30 May 2026 3.37 PM IST

അടൂരിൽ യുവതിക്ക് ക്രൂര പീഡനം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി

rape-case

പത്തനംതിട്ട: അടൂരിൽ 28കാരി ക്രൂരമായ പീഡനത്തിന് ഇരയായി. അയൽവാസിയായ ഓട്ടോ ഡ്രൈവർ ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയശേഷം പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. പീഡനത്തിന് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ എത്തിച്ചും പീഡനം തുടർന്നതായും യുവതി ആരോപിച്ചു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാൻ വൈകുന്നതായും ആക്ഷേപമുണ്ട്.

ഫെബ്രുവരി 15നാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിക്ക് വസ്ത്രം വാങ്ങാനായി അയൽവാസിയായ വിനോദ് എന്നയാളുടെ ഓട്ടോ യുവതി വിളിച്ചിരുന്നു. യാത്രാമദ്ധ്യേ ലൈസൻസും പഴ്‌സും എടുക്കാനെന്ന വ്യാജേന വിനോദ് യുവതിയെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെ വച്ച് നൽകിയ ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായ താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറയുന്നു.

തുടർന്ന് പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. വിവരം പ്രതിയുടെ വീട്ടിൽ അറിയിച്ചതിനെ തുടർന്ന് വിനോദ് തന്നെ റോഡിലിട്ട് മർദിച്ചതായും യുവതി വെളിപ്പെടുത്തി. നിലവിൽ മിൽമ ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി, വണ്ടിക്കുള്ളിൽ വച്ചും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ അടൂർ പൊലീസ് വിനോദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലാത്സംഗം, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽപ്പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASEDAIRY, CRIME, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY