പൈങ്ങോട്ടൂരിൽ ഭീതി പരത്തി മോഷണം തുടർക്കഥയാകുന്നു

Tuesday 19 May 2026 12:38 AM IST
പൈങ്ങോട്ടൂരിൽ മോഷണം നടന്ന വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധിക്കുന്നു

കോതമംഗലം: പൈങ്ങോട്ടൂരിൽ വീടുകളിൽ ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ ജനൽ വഴി കവർച്ച ചെയ്യുന്നത് പതിവാകുന്നു. ഇന്നലെ പുലർച്ചെ പൈങ്ങോട്ടൂർ വടക്കേക്കരയിൽ ഷാജിയുടെ 3 പവൻ സ്വർണ്ണമാല മോഷ്ടിച്ചു. ബെഡ്റൂമിലെ ജനൽവാതിൽ ഉളി ഉപയോഗിച്ച് തിക്കിത്തുറന്ന് അകത്തേക്ക് കൈയിട്ട് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഷാജി ഉണർന്ന് ബഹളം വച്ചെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ മോഷ്ടാവിനെ കണ്ടെത്താനായില്ല.

പോത്താനിക്കാട് പൊലീസ് രാത്രിതന്നെ പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവുശേഖരണം നടത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചാത്തമറ്റത്ത് അയ്യങ്കോലിൽ മേബിളിന്റെ പിഞ്ചുകുഞ്ഞിന്റെ അരഞ്ഞാണവും തളകളും സമാനരീതിയിൽ കവർന്നിരുന്നു. ജനൽ വഴി കൈയിട്ടാണ് ആഭരണങ്ങൾ കൈവശപ്പെടുത്തിയത്. മാതാപിതാക്കൾ വിവരമറിഞ്ഞത് നേരം പുലർന്നപ്പോഴാണ്. ഒരു മാസം മുമ്പ് ഞാറക്കാടും വീട്ടമ്മയുടെ മാല ഇത്തരത്തിൽ കവർന്നിരുന്നു. മറ്റ് ചില വീടുകളിലും മോഷണശ്രമം നടന്നതായും പരാതിയുണ്ട്.

വീടുകളെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ജനലുകൾക്ക് സമീപം ആഭരണമണിഞ്ഞ് കിടന്നുറങ്ങുന്നവരെ ലക്ഷ്യമിട്ടാണ് മോഷ്ടാക്കളുടെ നീക്കം. നാട്ടുകാരുടെ സഹായം ലഭിച്ചവരോ,​ നിരീക്ഷണം നടത്തി ധാരണയുള്ളവരോ ആകാം ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ജനങ്ങളുടെ ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

മോഷണം തുടർക്കഥയാകുന്നതിൽ നാട്ടുകാർ ഭീതിയിലാണ്. പൊലീസ് ശക്തമായ അന്വേഷണം നടത്തണം. മോഷ്ടാക്കളെ പിടികൂടി നാട്ടുകാർക്ക് സ്വൈര്യമായി കിടന്നുറങ്ങാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. സാബു മത്തായി, മുൻ വൈസ് പ്രസിഡന്റ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്.