ക്രിക്കറ്റ് കളിക്കിടെ സംഘർഷം: ബി.ജെ.പി നേതാവിനെ കുത്തിക്കൊന്നു

Tuesday 19 May 2026 12:51 AM IST

24 മണിക്കൂറിനകം കൊലയാളികളെ പിടിയിൽ

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാർപ്പിനടുക്കയിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ സംഘർഷത്തിൽ ബി.ജെ.പി നേതാവായ ബാങ്ക് സുരക്ഷാ ജീവനക്കാരനെ കുത്തിക്കൊന്നു. കൊലപാതകം നടത്തി കർണാടകയിലേക്ക് മുങ്ങിയ പ്രതികളെ 24 മണിക്കൂറിനകം കാസർകോട് പൊലീസ് പിടികൂടി. മാർപ്പിനടുക്ക ബദ്രു കുഡ്‌ലുവിലെ കൊറഗയുടെ മകൻ ബി.കെ സുരേഷ് (42) ആണ് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയ പൊലീസ് സംഘം പ്രതികളായ കുംബഡാജെ, മയിൽ തൊട്ടിയിലെ കിരൺ (30), കറുവത്തടുക്കയിലെ അഖിലേഷ് (25) എന്നിവരെയാണ് പിടികൂടിയത്. കാസർകോട് എ.എസ്.പി അച്യുത് അശോക്, ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിൽ കർണ്ണാടക പുത്തൂരിൽ വച്ച് 24 മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് സംഘത്തിൽ എസ്.ഐ മാരായ രൂപേഷ്, സുകുമാരൻ, പ്രസാദ്, സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, അനീഷ്, വർഗ്ഗീസ്, ശ്രീനേഷ്, എന്നിവരും ഉണ്ടായിരുന്നു കുംബഡാജെ സർവ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും ബി.ജെ.പിയുടെ എസ്.സി എസ്.ടി മോർച്ച നേതാവുമായ ബി.കെ സുരേഷ് ഞായറാഴ്‌ച രാത്രിയാണ് കൊല്ലപ്പെട്ടത്. കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച്‌ വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു.

ഗ്രൗണ്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ രാത്രി 9.25 ന് ബാങ്ക് പരിസരത്ത് എത്തിയ പ്രതികൾ സുരേഷിനെ കുത്തുകയായിരുന്നു. ഒന്നാംപ്രതി കിരൺ പിച്ചാത്തി ഉപയോഗിച്ചാണ് കുത്തുകയായിരുന്നു. ആക്രമണത്തിന് സഹായം ചെയ്യുകയായിരുന്നു അഖിലേഷ്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയിലാണ് ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.