കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി

Tuesday 19 May 2026 1:26 AM IST

ചിറ്റാരിക്കാൽ: കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം ചിറ്റാരിക്കാൽ പോലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ തകിടിയേൽ ഹൗസിൽ ബി.ടി രാജേഷി (49) നെയാണ് പോലീസ് അതിവേഗം വലയിലാക്കിയത്.

ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറിയ പ്രതി, അകത്തിരുന്ന ഭണ്ഡാരവും കാണിക്കവഞ്ചിയും പുറത്തേക്ക് എടുത്തു കൊണ്ടുപോയി കുത്തിപ്പൊളിച്ചു. പണം മുഴുവൻ കവർന്ന ശേഷം ഒഴിഞ്ഞ ഭണ്ഡാരം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാവിലെ മോഷണവിവരം അറിഞ്ഞ ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച നിർണ്ണായക സൂചനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി രാജേഷാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. തിങ്കളാഴ്ച രാവിലെ ചെറുപുഴയിൽ വെച്ചാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പ്രതി പിടിയിലാകുന്നത്. പോലീസിനെ കണ്ട വെപ്രാളത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച മുഴുവൻ കാണിക്കപ്പണവും ബാഗിൽ നിന്ന് കണ്ടെടുത്തു. പണവുമായി ഇരിട്ടി ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ശ്യാമകുമാർ, എ.എസ്.ഐമാരായ മധു, സുനിൽ അബ്രഹാം, നൗഷാദ്, ബ്രിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് പി, മുഹമ്മദ് നിയാസ്, ഷിന്റോ എന്നിവരുണ്ടായിരുന്നു.