ചിറയിൻകീഴിൽ മോഷണം ഒരു വീട്ടിൽ നിന്ന് 7 പവനും 97,500 രൂപയും കവർന്നു
ചിറയിൻകീഴ്: ചിറയിൻകീഴ് ആനത്തലവട്ടം,വടക്കേ അരയതുരുത്തി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപക മോഷണം.ആനത്തലവട്ടം ഗുരുമന്ദിരത്തിന് സമീപം ദിലീപിന്റെ വീട്ടിൽ നിന്ന് 7 പവന്റെ ആഭരണങ്ങളും, 97500 രൂപയും കവർന്നു. മൂന്ന് പവന്റെ രണ്ട് വള,മൂന്ന് പവന്റെ ഒരു മാല, ഒരു പവന്റെ ഒരു മോതിരം എന്നിവയാണ് മോഷണം പോയത്.അടുക്കള വാതിലിന്റെ കുറ്റിയും,കൊളുത്തും പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ചാരിയിരുന്ന ബെഡ്റൂം തുറന്ന് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് അപഹരിച്ചത്.അതിനുശേഷം ബെഡിൽ കിടന്നുറങ്ങുകയായിരുന്ന ദിലീപിന്റെ ഭാര്യ ദീപയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു.ഞെട്ടിയുണർന്ന ദീപ,ദിലീപിനെ വിളിച്ചുണർത്തുന്നതിനിടയിൽ മോഷ്ടാവ് കടന്നുകളഞ്ഞു.
തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിയുന്നത്.ഇതിനിടയിൽ മോഷ്ടാവ് ദിലീപിന്റെ മൂക്കിൽ എന്തോ പുരട്ടിയതായും അറിയുന്നു.തുടർന്ന് ദിലീപിന് കുറച്ച് സമയത്തേക്ക് ഒരു മയക്കം അനുഭവപ്പെട്ടു.മക്കളുടെ പഠനത്തിനായി ബാങ്കിൽ നിന്നെടുത്ത പണമാണ് നഷ്ടപ്പെട്ടത്.
വീട്ടിലെ സി.സിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് ഹെൽമെറ്റും സോക്സും ഗ്ലൗസും ധരിച്ചിട്ടുണ്ട്.ചുറ്റുമതിൽ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സക്വാഡ് വിദഗ്ദ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ദിലീപിന്റെ വീട്ടിൽ മോഷണം നടത്തുന്നതിന് മുൻപ്,വടക്കേ അരയതുരുത്തിയിൽ വിപിന്റെ ക്രൈസ്റ്റ് നഗർ വീട്ടിലും മോഷണശ്രമം നടന്നു.അടുക്കള ഭാഗത്തെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കയറുകയായിരുന്നു.ശബ്ദം കേട്ടെത്തിയ വിപിൻ മോഷ്ടാവിന്റെ മുഖം മൂടിയടക്കമുളള കറുത്ത രൂപം കണ്ട് നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടി.തുടർന്ന് അയൽക്കാരുമായി എത്തിയപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു.അതേ ദിവസം തന്നെ വടക്കേ അരയതുരുത്തി ഷൈൻ ദാസിന്റെ മോഹനം ഹൗസിലും മോഷ്ടാവ് എത്തിയിരുന്നു. പട്ടി നിറുത്താതെ കുരയ്ക്കുന്നത് കണ്ട്,ഷൈൻ ദാസിന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോൾ ഗേറ്റിന് സമീപം ഒരാൾ നിൽക്കുന്നത് കണ്ടു.ഈ വീട്ടിൽ കാറുണ്ടെന്നും പട്ടിയുണ്ടെന്നും ഇയാൾ ഫോണിൽ പറയുന്നത് വീട്ടമ്മ കേട്ടു.വീട്ടമ്മയെ കണ്ടതോടെ ഇയാൾ കടന്നുകളഞ്ഞു.മൂന്ന് മോഷണങ്ങളിലും കള്ളൻ ഒരാളാണെന്നാണ് സൂചന.
ക്യാപ്ഷൻ: ആനത്തലവട്ടത്ത് സി.സി ടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ രൂപം