എസ്.ഐ ആക്രമിച്ച കേസ്: പ്രധാന പ്രതി പിടിയിൽ
മറയൂർ: മറയൂർ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് സംഘം പിടികൂടി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മറയൂർ ബാബുനഗർ സ്വദേശി സന്തോഷ് കുമാറിനെയാണ് (36) പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11.45ന് ബാബു നഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സന്തോഷിന്റെ കൂടെയുണ്ടായിരുന്ന ബാബു നഗർ സ്വദേശികളായ ഹരി, മുത്തു എന്നിവരെ സംഭവ സമയത്ത് തന്നെ പൊലീസ് സംഘം പിടികൂടിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് ബാബു നഗറിൽ വച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ മറയൂർ പ്രിൻസിപ്പൽ ഇൻസ്പെക്ടറായ അനീഷ് കുമാറിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതിനും യൂണിഫോം കീറി നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മറയൂർ ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്.ഐ എം.യു. അബ്ദുൾ അസീസ്, എം.എസ്. ഷാജി, വി.വൈ. ഷാജഹാൻ, വിപിൻ പ്രകാശ്, ബേസിൽ. പി.ജോർജ്, എസ്. സജു സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.