യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു

Sunday 24 May 2026 12:18 AM IST

സുൽത്താൻബത്തേരി: മൈസൂരിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് കാറിൽ വരികയായിരുന്ന യുവാവിനെ ഒരുസംഘം ആളുകൾ തട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി. സുൽത്താൻബത്തേരി കാരകണ്ടി സ്വദേശി പാലത്തി വീട്ടിൽ ആസിഫ്(42)നെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മൈസൂരുവിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ആസിഫ് വ്യാഴാഴ്ച വൈകിട്ട് സുൽത്താൻ ബത്തേരിയിലേക്ക് കാറിൽ വരുന്ന വഴിയാണ് സംഭവം.

വൈകീട്ട് ആറേമുക്കാലോടെ നഞ്ചൻകോടിനും ബേഗൂരിനുമിടയിൽ ഇരിക്കാട്ടിയെന്ന സ്ഥലത്തുവെച്ച് മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് ആസിഫിന്റെ കാർ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. വാഹനം കാറിനെ കുറുകെയിട്ട് പുറത്തിറങ്ങിയ സംഘം ആസിഫ് സഞ്ചരിച്ച കാറിന്റെ വശങ്ങളിലെ ചില്ല് ഇരുമ്പുദണ്ഡ് കൊണ്ട് തകർത്തു. പിന്നീട് ആസിഫിനെ മുന്നിലെ സൈഡ് സീറ്റിലേക്ക് മാറ്റി നാലംഗ സംഘം വാഹനത്തിൽ കയറുകയായിരുന്നു. സംഘം വന്ന കാറ് തിരികെ പോവുകയും ചെയ്തു.

സംഘത്തിലൊരാൾ കഴുത്തിൽ കത്തിവച്ച് ശബ്ദമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടു. പിന്നീട് കിലോമീറ്ററുകൾ ഓടിയശേഷം മറ്റൊരു കാറിൽ വേറൊരു സംഘമെത്തി. ആസിഫിനെ സംഘം വന്ന കാറിലേക്ക് മാറ്റികയറ്റുകയും ആസിഫിന്റെ കാറുമായി സംഘം പോവുകയും ചെയ്തു. വീണ്ടും ഒരുപാട് കിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് പോകുന്നതിനിടെ ആസിഫിന്റെ കാറ് കൊണ്ടുപോയ സംഘത്തിൽ നിന്ന് ആസിഫുമായി സഞ്ചരിക്കുന്ന കാറിലുള്ളവർക്ക് ഫോൺവന്നു. തുടർന്ന് ആളനക്കമില്ലാത്ത ഒറ്റപ്പെട്ട ഒരുസ്ഥലത്തേക്കാണ് ആസിഫിനെ കൊണ്ടുപോയത്.

സ്ഥലത്തെത്തുമ്പോൾ തന്റെ കാറിന്റെ ഉൾഭാഗം പൂർണമായും നശിപ്പിച്ച നിലയിലായിരുന്നുവെന്നും പണമൊന്നും കിട്ടാതായതോടെയാണ് സംഘം തന്നെയും കാറും അവിടെ ഉപേക്ഷിച്ചുപോയതെന്നും ആസിഫ് പറയുന്നു.സംഘം തന്റെ കൈവശമുണ്ടായിരുന്ന ഫോണും എ.ടി.എം, ക്രെഡിറ്റ് കാർഡുകളും കൈവശപ്പെടുത്തുകയും ചെയ്തു. കാർ ഓടിച്ചുകൊണ്ടുവരാൻ പറ്റാത്തവിധം നശിപ്പിച്ചതിനാൽ കിലോമീറ്ററുകൾ നടന്നാണ് ആസിഫ് ഉൾപ്രദേശത്ത് നിന്ന് ആളുകളുള്ള റോഡിലെത്തിയത്.