'അംബാനിയുമായി സൗഹൃദം" ജോലിതട്ടിപ്പിൽ വൃദ്ധ വീണു!
കൊച്ചി: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുമായും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ജോലിതട്ടിപ്പ് ! പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടാണെന്ന വ്യാജേന ആലുവ സ്വദേശിനിയായ 66കാരിയിൽ നിന്ന് 3.5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ സതീശൻ എന്നയാൾക്കെതിരെ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇളയമകന് ജോലിയില്ലാത്തതിൽ വിഷമിച്ചിരുന്ന വൃദ്ധ അയൽവാസി മുഖേനയാണ് സതീശനെ പരിചയപ്പെടുന്നത്. താൻ ജയിൽ സൂപ്രണ്ടാണെന്നും ഉന്നത സ്വാധീനമുണ്ടെന്നും അവകാശപ്പെട്ട ഇയാൾ, മകന് നല്ലൊരു ജോലി വാഗ്ദാനം ചെയ്തു. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നുള്ളിപ്പെറുക്കി പണം സ്വരൂപിച്ച വൃദ്ധ, അങ്കമാലി ബസ് സ്റ്റാൻഡിൽ വച്ച് സതീശന് തുക കൈമാറി. ഉടൻ നിയമന ഉത്തരവ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. നിരന്തരമായ ആവശ്യപ്പെട്ടപ്പോൾ ഒരു വർഷത്തിന് ശേഷം 1.5 ലക്ഷം രൂപ ഇയാൾ മടക്കി നൽകി. മാസങ്ങൾക്ക് ശേഷം ബാക്കി തുകയ്ക്കായി നൽകിയ ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ മടങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സതീശൻ ജയിൽ സൂപ്രണ്ടല്ലെന്നും തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും കുടുംബം തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആലുവ പൊലീസ് അറിയിച്ചു.
കൂടുന്നു, വഞ്ചനാകേസുകൾ
സംസ്ഥാനത്ത് വഞ്ചനാ കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ വരെ മാത്രം 2276 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 8000 മുതൽ 10000 വരെ വഞ്ചനാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ഇതിൽ വലിയ വർദ്ധനവുണ്ടായി. 2020ൽ 8993 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ വർഷം 11383 കേസുകളും 2024ൽ ഇതുവരെ 13449 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. വഞ്ചനാ കേസുകളിൽ ഉണ്ടാകുന്ന ഈ കുതിച്ചുചാട്ടം ഗൗരവകരമായ സാഹചര്യമാണ് വിരൽചൂണ്ടുന്നത്.