കൊല്ലം: കൊല്ലം ബീച്ചിന് സമീപം വെടിക്കുന്നിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വെടിക്കുന്ന് സ്വദേശി ഷിബുവിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വെടിക്കുന്ന് സ്വദേശിയായ മഹേഷാണ് (33)കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതിനാണ് സംഭവം. മഹേഷ് കൂലിപ്പണിക്കാരനാണ്. അവിവാഹിതനായ മഹേഷ് എട്ടു വർഷം മുമ്പ് വെടികുന്നിൽ നിന്ന് താമസം മാറി കന്റോൺമെന്റിൽ അമ്മയോടൊപ്പമാണ് താമസം. ഇയാൾ സ്ഥിരമായി ബന്ധുക്കളെ കാണാൻ വെടിക്കുന്നിൽ എത്താറുണ്ട്. ശനിയാഴ്ച രാത്രി ഷിബുവും മഹേഷിന്റെ ബന്ധു ബാബുവും വെടിക്കുന്ന് ഗണപതി അമ്പലത്തിനു മുന്നിലെ ജംഗ്ഷനിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. ഇവിടേക്ക് എത്തിയ മഹേഷ്, ബാബുവിനോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും മഹേഷ്, ഷിബുവിനെ അടിക്കുകയും ചെയ്തു. തുടർന്ന് ഷിബു കല്ലെടുത്ത് മഹേഷിന്റെ തലക്ക് അടിക്കുകയായിരുന്നു. വീണുകിടന്ന മഹേഷിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബുവും മഹേഷും മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം ജില്ലാശുപത്രിയിൽ മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |