7 മാസം 138 കേസുകൾ
കണ്ണൂർ:നിയമങ്ങൾ ശക്തമാക്കുമ്പോഴും സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനത്തിൽ കുറവില്ല.കേരള പൊലീസിന്റെ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രകാരം ഈ വർഷം ഏഴുമാസത്തിനിടെ കണ്ണൂർ സിറ്റി, റൂറൽ പരിധികളിൽ 138 കേസുകളാണ് രജിസ്റ്റർ ചെയ്തത്.കണ്ണൂർ സിറ്റി പരിധിയിൽ മേയ് മാസം വരെ 68 കേസുകളും റൂറൽ പരിധിയിൽ ജൂലായ് വരെ 70 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബലാത്സംഗം, പീഡനം, തട്ടിക്കൊണ്ടുപോകൽ, ചൂഷണം ചെയ്യൽ, ശല്യം ചെയ്യൽ, സത്രീധന മരണം, ഭർതൃപീഡനം തുടങ്ങിയ പരാതികളിലാണ് ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വനിതാകമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതിയുമായെത്തുന്നവരും ഏറെയാണ്. ഈ വർഷം ആറുമാസത്തിനിടയിൽ സ്ത്രീകളുടെ പരാതിയിൽ ആകെ 498 കേസുകളാണ് ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്തത്.
വനിതാകമ്മിഷന് മുന്നിലും
ഭർതൃവീട്ടിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ ഏറെയും ശാരീരികമാണ്. മാനസിക പീഡനത്തിനും ഇരയാകുന്നവരും ഏറെയുണ്ട്. നാൽപത് വയസിന് മുകളിലുള്ള സ്ത്രീകളിൽ അധികവും ഇത്തരം അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ മടിക്കാത്ത സ്ഥിതിയാണ്. എഴുപത് ശതമാനം ആളുകളും ഒരു പരാതി പോലും നൽകാൻ തയാറാകാത്ത സ്ഥിതിയുണ്ട്. തങ്ങളുടെ മുന്നിലെത്തുന്ന ഭൂരിഭാഗവും കേസുകൾ സത്രീധന പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് വനിതാ കമ്മിഷൻ അധികൃതർ പറയുന്നു.മദ്യപിച്ചെത്തി ഭാര്യമാരെ ഉപദ്രവിക്കുന്ന കേസുകളും കൂടുതലാണ്. വനിതാ കമ്മീഷനിലേക്കാണ് കൂടുതൽ പേരും ഇത്തരം പരാതികളുമായി എത്തുന്നത്.
ഗാർഹിക പീഡന നിരോധന നിയമം
2006 ഓക്‌ടോബറിലാണ് ഗാർഹിക പീഡന നിരോധന നിയമം പ്രാബല്യത്തിലായത്.സ്ത്രീകൾക്ക് അപമാനവും ഉപദ്രവവുമായി മാറാൻ സാദ്ധ്യതയുള്ള ഓരോ അതിക്രമങ്ങളും ഗാർഹിക പീഡനത്തിന്റെ വിശാല നിർവചനത്തിൽ ഉൾപ്പെ ടുത്തിയിട്ടുണ്ട്.ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സംരക്ഷണവും താമസവും സാമ്പത്തികാശ്വാസ നടപടികളും നിയമപരമായി ഉറപ്പുവരുത്തുന്നു.ഭർത്താവിൽ നിന്നും അവരുടെ പുരുഷന്മാരായ ബന്ധുക്കളിൽ നിന്നും ഭാര്യയ്ക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനാണ് ഈ നിയമം. സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അപമാനിക്കലും അപമാനഭീഷണിയുമെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകളും അവരുടെ ബന്ധുക്കളും ഗാർഹിക പീഡനപ്രകാരം നീതി ലഭിക്കേണ്ടവരാണ്.
ഈ വർഷം രജിസ്റ്റർ ചെയ്ത പരാതികൾ
കേസ് കണ്ണൂർ സിറ്റി (ജൂലായ് വരെ) റൂറൽ (മേയ്)
പീഡനം 43- 76
ബലാത്സംഗം 9 -23
ഭർത്താവീട്ടിൽ നിന്നുള്ള പീഡനം 68- 70
സ്ത്രീധന മരണം 0- 1
തട്ടികൊണ്ടുപോകൽ 0- 2
മറ്റ് കേസുകൾ 104 -112
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |