മുഹമ്മ : കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കലവൂരിലെ വാടകവീട്ടിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ റിമാൻഡിലായിരുന്ന ഒന്നും രണ്ടും പ്രതികളെ കോടതി കസ്റ്ഡിയിൽ വിട്ടുനൽകിയതിനെത്തുടർന്ന് ഇവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് ശേഷമാണ് ഒന്നാം പ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമ്മിള (52), ഭർത്താവും രണ്ടാംപ്രതിയുമായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് ക്ലീറ്റസ് (38,നിതിൻ) എന്നിവരെ കലവൂർ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വാടക വീട്ടിലെത്തിച്ചത്. വീടിന്റെ അടുത്ത പുരയിടങ്ങളിലും എത്തിച്ച് അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു.
തുടർന്ന് സുഭദ്രയെ കൊലപ്പെടുത്തിയ വീട്ടിലെ ഹാളിൽ എത്തിച്ച് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സുഭദ്രയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച വീട്ടു മുറ്റത്തെ തെങ്ങിൻചുവട്ടിലും, ഷർമ്മിള ഉപയോഗിച്ച തലയിണ ഉപേക്ഷിച്ച അടുത്ത പുരയിടത്തിലെ തോട്ടിൻകരയിലും എത്തിച്ച് തെളിവെടുത്തു. പ്രതികൾ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ നിന്ന് ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പ്രതികളെ എത്തിച്ചതറിഞ്ഞ് സംഭവം നടന്ന വീട്ടിലും പരിസരത്തും ധാരാളം ആളുകൾ തടിച്ചു കൂടി. വലിയ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.
ശർമ്മിളയെയും മാത്യുവിനെയും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വൈകിട്ട് 6ഓടെ ഉഡുപ്പിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |