ലൈഫ് മിഷൻ കേസ്; ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, നടപടി നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന റിപ്പോർട്ട് പരിഗണിച്ച്
ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഫെബ്രുവരി 15 നാണ് ശിവശങ്കർ അറസ്റ്റിലായത്. കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയാണ്.
വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിച്ചു നൽകാനുള്ള ലൈഫ് മിഷന്റെ പദ്ധതിക്കു വേണ്ടി യു.എ.ഇയിലെ സന്നദ്ധ സംഘടനയായ യു.എ.ഇ റെഡ് ക്രസന്റ് നൽകിയ പത്തു ലക്ഷം ദിർഹമിൽ നിന്ന് 4.5 കോടി രൂപ സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ള ഇടനിലക്കാർക്ക് നൽകിയെന്നും, കമ്മിഷനായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ ആരോപണം. സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ഈ ഇനത്തിൽ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.