ടീനസിന്റെ ഭാര്യയെ സ്വന്തമാക്കണമെന്ന് മോഹം, ചുറ്റികയും പെട്രോളുമായി ജിമ്മിന് മുന്നില്‍ കാത്ത് നിന്നു

Sunday 10 May 2026 8:20 PM IST

തൃശൂര്‍: ഭാര്യയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്രൂരമായി ആക്രമിച്ചു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് റിപ്പര്‍ മോഡല്‍ കൊലപാതകം നടത്താനായിരുന്നു പ്രതി സിറില്‍ (36) ശ്രമിച്ചത്. തൃശൂര്‍ പുതുക്കാടുള്ള ജിമ്മില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടീനസ് ഡേവിസ് (37) ആണ് ആക്രമത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ടീനസ് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ടീനസ് ജിമ്മില്‍ പരിശീലനത്തിന് പോകുന്ന കാര്യം സിറിലിന് അറിയാമായിരുന്നു. രാത്രി 7.30ന് ജിമ്മില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യ അടിയില്‍ തന്നെ ടീനസിന്റെ ബോധം പോയി. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രണ്ട് തവണ കൂടി ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് ശേഷം ആയിരുന്നു ആക്രമണം. ടീനസിനെ ആക്രമിച്ചതിന് ശേഷം തൊട്ടടുത്തുണ്ടായിരുന്ന സൈക്കിളില്‍ കയറി രക്ഷപ്പെട്ട സിറില്‍ അല്‍പ്പം ദൂരെയായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ടീനസിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സിറിലിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി ചാലക്കുടിയില്‍നിന്നാണ് ചുറ്റിക വാങ്ങിയത്. കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു ശ്രമമെന്നും സിറില്‍ പൊലീസിന് മൊഴിനല്‍കി.

ആക്രമണത്തിനിരയായ ടീനസിന്റെ ഭാര്യയുമായി പ്രതി സിറിലിന് സൗഹൃദമുണ്ടായിരുന്നു. അവരോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍വേണ്ടിയാണ് ഭര്‍ത്താവായ ടീനസിനെ വകവരുത്താന്‍ ശ്രമിച്ചതെന്നും സിറില്‍ പൊലീസിനോട് പറഞ്ഞു.