അവയവദാന തട്ടിപ്പ് കേസിലെ മുഖ്യപ്രതി നജീബ് പിടിയിൽ:​ ഡയറിയിൽ ഉന്നതരുടെ പേരുകൾ, അന്വേഷണം ഊർജിതം

Sunday 10 May 2026 11:08 AM IST

കൊച്ചി: വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്ര പിടിയിൽ. ഒളിവിലായിരുന്ന നജീബിനെ ഗാസിയാബാദിൽ നിന്ന് എറണാകുളം റൂറൽ പൊലീസാണ് പിടികൂടിയത്. കാസർകോട് സ്വദേശിയായ ഇയാളെ ഉടൻ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. കേസിൽ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ സണ്ണി വർഗീസ്, സിനി വർഗീസ്, ശ്രീജ, സുധീർ, വിനോദ് എന്നിവർ റിമാൻഡിലാണ്. ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പ്രതി ഡൽഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു പദ്ധതിയെന്നായിരുന്നു പൊലീസിന്റെ സംശയം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ഗാസിയാബാദിലേക്ക് കടന്നത്. പ്രതിയ്ക്ക് തമിഴ്‌നാട്ടിലും മറ്റും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം.

അതേസമയം ,​ നജീബ് കല്ലട്രയുടെ ഡയറിയിൽ ഉന്നതരുടെ പേരുകൾ ഉണ്ടെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. നിരവധി രാഷ്ട്രീയ​ ഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകൾ ഇതിൽ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പെരിങ്ങാല പോത്തനാംപറമ്പിലെ നജീബിന്റെ അപ്പാർട്ട്മെന്റിൽ നിന്നു പൊലീസ് കണ്ടെടുത്ത ഡയറിയിൽ പണം ലഭിച്ച സ്രോതസ്സുകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള ഇടപാടുകളെക്കുറിച്ചും കൃത്യമായ വിവരങ്ങളുണ്ട്. അന്വേഷണം വ്യാപിപ്പിക്കുന്നതോടെ പല ഉന്നതരും വലയിലാകുമെന്നാണ് സൂചന. ഡയറിയിലെ പണമിടപാടു രേഖകളും ബാങ്ക് വിവരങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.