പട്ടാമ്പിയിലെ അരുംകൊല; പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പട്ടാമ്പിയിലെ കരിമ്പനക്കടവ് സ്വദേശിയായ അൻസാറിനെ വെട്ടിക്കൊന്നത്. തുടർന്ന് അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കബീറിനായി തിരച്ചിൽ നടക്കുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞതോടെ തൃത്താല പൊലീസും പട്ടാമ്പി ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയതെന്നാണ് കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് നൽകിയ മൊഴി.
കഴിഞ്ഞ ദിവസം പട്ടാമ്പി തൃത്താല റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. കാറിലെത്തിയ സംഘമാണ് അൻസാറിനെ വെട്ടിക്കൊന്നത്. പിന്നാലെ പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്‌ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു യുവാവ്. വിദഗ്ദ്ധ ചികിത്സയ്ക്ക് മുൻപ് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു.
അതേസമയം, കരിമ്പനക്കടവിന് സമീപം ഒരു കാർ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാറിനുള്ളിൽ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തിക്കൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതർക്ക് മൊഴി നൽകിയിരുന്നുവെന്നാണ് സൂചന.