സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചെന്ന് ആരോപണം, വീഡിയോ പങ്കുവച്ച ശേഷം ജീവനൊടുക്കി യുവതി
കാസർകോട്: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാസർകോട് നാലതടുക്ക സ്വദേശിനി ജസീലയാണ് (24) മരിച്ചത്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച ശേഷമാണ് ജസീല ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല എലിവിഷം കഴിച്ചത്. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒമ്പതര പവൻ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദൂർ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ജസീലയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും യുവതിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, മോഷണത്തിൽ ജസീലയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിരുന്നില്ല.
ആത്മഹത്യയ്ക്ക് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ ഹൃദയഭേദകമായ കാര്യങ്ങളാണ് പറയുന്നത്; 'എന്റെ കൂട്ടുകാരിയുടെ ഉമ്മയുടെ സ്വർണം കാണാതായെന്നും അത് ഞാനാണ് എടുത്തതെന്നുമാണ് അവർ പറയുന്നത്. എന്നാൽ ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഞാൻ ഏതോ ആണുങ്ങളോടൊപ്പം കോഴിക്കോട് പോയി മുറിയെടുത്തു എന്നൊക്കെയാണ് അവർ പറഞ്ഞുപരത്തുന്നത്. എന്റെ വീട്ടിൽ ആർക്കും സമാധാനമില്ലാതായിരിക്കുന്നു. ഞാൻ മരിച്ചാൽ ഇതിന് കാരണക്കാരായവർക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കണം. ഞാൻ എടുക്കാത്ത സ്വർണം ഞാൻ എങ്ങനെയാണ് തിരിച്ചു കൊടുക്കുക? എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തുന്നത്?' യുവതി വീഡിയോയിൽ പറയുന്നു. .
തന്റെ നിരപരാധിത്വം അറിയിക്കാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. സുഹൃത്തിന്റെ ബന്ധുക്കൾ വീട്ടിലെത്തി ജസീലയെ ഭീഷണിപ്പെടുത്തിയതായി മാതാവ് വെളിപ്പെടുത്തി. ഖുർആൻ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിക്കാൻ തയ്യാറായില്ലെന്നും ഭർത്താവിന്റെ കുടുംബവും കുറ്റപ്പെടുത്തിയതോടെ ജസീല കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ജസീലയുടെ കുടുംബം വിദ്യാനഗർ പൊലീസ് സ്റ്റേഷനിലും കാസർകോട് എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.
സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെങ്കിലും നിലവിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജസീലയെ ചോദ്യം ചെയ്തത്. തെളിവുകളില്ലാത്തതിനാൽ ഇവരെ വിട്ടയച്ചിരുന്നു. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ചും യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.