SignIn
Kerala Kaumudi Online
Monday, 18 May 2026 8.54 PM IST

നന്ദി ഹിൽസിലേക്കെന്ന് പറഞ്ഞ് യാത്ര; കാമുകിയെ ചുട്ടുകൊന്ന് കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ramanjinappa

ബംഗളൂരു: സ്വകാര്യ കോളേജ് അദ്ധ്യാപികയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്ന ശേഷം സർക്കാർ ഉദ്യോഗസ്ഥാനായ കാമുകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ബംഗളൂരുവിലെ നന്ദി ഹിൽസിലാണ് നാടിനെ നടുക്കിയ സംഭവം. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ക്ലാർക്ക് സി. രാമഞ്ജിനപ്പ (45), സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസർ സരോജ (40) എന്നിവരാണ് മരിച്ചത്. വിവാഹമോചിതനായ രാമഞ്ജിനപ്പ സരോജയുമായി രഹസ്യബന്ധം പുലർത്തി വരികയായിരുന്നു.

വീട്ടിൽ ആരെയോ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന വ്യാജേന സുഹൃത്തിൽ നിന്ന് കാർ സംഘടിപ്പിച്ചാണ് രാവിലെ സരോജയുമായി ഇയാൾ നന്ദിഹിൽസിലേക്ക് പോയത്. രഹസ്യബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഇരുവരെയും സംബന്ധിച്ചിടത്തോളം ആ യാത്ര അത്രമേൽ സന്തോഷകരമായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം ദൊഡബെല്ലാപ്പൂരിലെ വിജനമായ സ്ഥലത്തെത്തിയപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇരുവരും തമ്മിൽ കാറിനുള്ളിൽ വച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് രാമഞ്ജിനപ്പ സരോജയുടെ തലയ്ക്കടിക്കുകയായിരുന്നു. അതിനുശേഷം കാറിന്റെ പിൻസീറ്റിലേക്ക് സരോജയെ കിടത്തി പെട്രോളൊഴിച്ച് കാറിന് തീയിടുകയായിരുന്നു. ഇതിനിടെ രാമഞ്ജിനപ്പയുടെ വസ്ത്രത്തിലും തീപിടിച്ചു. പൊള്ളലേറ്റ നിലയിലാണ് ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

കാറിലെ സുരക്ഷാ സംവിധാനമാണ് പൊലീസിനെ വേഗത്തിൽ പ്രതിയിലേക്ക് എത്തിച്ചത്. അപകടമുണ്ടായാൽ ഉടമയ്ക്ക് സന്ദേശം പോകുന്ന 'ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ' സംവിധാനം കാറിലുണ്ടായിരുന്നു. വാഹനത്തിന് തീപിടിച്ചതോടെ ഉടമയായ സുരേഷിന്റെ ഫോണിലേക്ക് മെസേജ് എത്തി. ഉടൻ തന്നെ സുരേഷ് രാമഞ്ജിനപ്പയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ കാറും മൃതദേഹവും കണ്ടെത്തിയത്. മൃതദേഹത്തിൽ അവശേഷിച്ച ആഭരണങ്ങൾ കണ്ടാണ് കൊല്ലപ്പെട്ടത് സരോജയാണെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത്.


സരോജയെ കൊന്നതിന് പിന്നാലെ രാമഞ്ജിനപ്പയ്ക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തി. എന്നാൽ ഞായറാഴ്ച രാവിലെ ബിദാദിക്ക് സമീപം റെയിൽവെ ട്രാക്കിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ആധാർ കാർഡാണ് ഇയാളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, BENGALURU, MURDER, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY