സഹോദരിയെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തി; 16കാരൻ അറസ്റ്റിൽ
വാഷിംഗ്‌ടൺ: രണ്ടാനച്ഛന്റെ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയതിനുശേഷം കൊലപ്പെടുത്തിയ കേസിൽ 16കാരൻ അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം നടന്നത്. 18കാരിയായ അന്ന കെപ്‌നറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറിൽ കുടുംബത്തോടൊപ്പം ആഡംബര കപ്പലിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടത്.
അതേസമയം, 16കാരൻ കുറ്റം നിഷേധിച്ചിരിക്കുകയാണ്. കുട്ടി പ്രായപൂർത്തിയാകാത്തത് കണക്കിലെടുത്തെങ്കിലും പിന്നീട് പ്രോസിക്യൂഷൻ വാദങ്ങൾ കണക്കിലെടുത്ത് കൊലക്കുറ്റവും ലൈംഗീകപീഡനക്കുറ്റവും ചുമത്തി.
ഫ്ളോറിഡയിലെ സ്‌കൂൾ വിദ്യാർത്ഥിനിയായ അന്ന പഠനം പൂർത്തിയാക്കിയതിനുശേഷം സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. കട്ടിലിനടിയിൽ പുതപ്പിൽ മൂടിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് യുവതി മരണപ്പെട്ടതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.
പിതാവ്, രണ്ടാനമ്മ, രണ്ടാനമ്മയുടെ മകൻ, മുത്തശ്ശൻ, മുത്തശ്ശി എന്നിവരോടൊപ്പമാണ് അന്ന അവധിയാഘോഷിക്കാനെത്തിയത്. രണ്ടാനമ്മയുടെ മക്കളുമായി അന്ന ഏറെ അടുപ്പത്തിലായിരുന്നുവെന്ന് മുത്തശ്ശി ബാർബറ കെപ്‌നർ പൊലീസിനോട് പറഞ്ഞു.
കുറ്റം തെളിഞ്ഞാൽ 16കാരന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് യുഎസ് അറ്റോർണി അറിയിച്ചു. ഫ്ളോറിഡയിലെ അമ്മാവനൊപ്പം താമസിക്കണമെന്ന വ്യവസ്ഥയിൽ 16കാരനെ കസ്റ്റഡിയിൽ വിട്ടിട്ടില്ല. മുതിർന്നവരുടെ നിരീക്ഷണത്തിലല്ലാതെ 16കാരൻ കുട്ടികളുടെ മുന്നിലേയ്ക്ക് പോകരുതെന്നും കോടതിയുടെ നിർദേശമുണ്ട്.