പങ്കിടാൻ നീക്കം മുഖ്യ സ്ഥാനം: ഖാർഗെയുടെ നിർദ്ദേശം ചർച്ചയിൽ
ന്യൂഡൽഹി /തിരുവനന്തപുരം: യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമായി മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടു വച്ചതായി സൂചന. സീനിയോറിറ്റി പരിഗണിച്ച് ആദ്യത്തെ രണ്ടരവർഷം ചെന്നിത്തലയ്ക്കും, തുടർന്നുള്ള രണ്ടരവർഷം സതീശനും നൽകണമെന്നാണ് നിർദ്ദേശമെന്നാണറിയുന്നത്. തർക്കം ഒഴിവാക്കുന്നതിനുള്ള ഫോർമുലയാണിത്.
അതേസമയം, ഭൂരിപക്ഷം കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഒഴിവാക്കുന്നത് ഉചിതമാവില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധിയെന്നാണ് അറിയുന്നത്. ഖാർഗെയുടെ നിർദ്ദേശത്തോട് രാഹുൽ യോജിക്കുമോ എന്നതിനെയും, മൂവരും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെയും ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം.
ചെന്നിത്തലയെയും സതീശനെയും ഒഴിവാക്കി, പാർലമെന്റംഗമായ വേണുഗോപാലിനെ തീരുമാനിക്കുന്നത് കേരളത്തിലെ പാർട്ടിയിൽ പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. ചേരിതിരിഞ്ഞ് അണികൾ സംഘടിക്കുകയും സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുകയും ചെയ്യും. കെ.സി മുഖ്യമന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സതീശൻ രാഹുലിനെ ധരിപ്പിച്ചതായാണ് വിവരം.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ വി.ഡി.സതീശൻ ഇന്നലെ പറവൂരിലായിരുന്നു. വീട്ടിലെത്തിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്‌ചത്തെ ചർച്ചയ്‌ക്കു ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡൽഹിയിൽ തങ്ങിയ ചെന്നിത്തല ഇന്നലെ വൈകിട്ട് മടങ്ങി. അതേസമയം, മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ അമർഷത്തിലും നിരാശയിലുമാണ്.
പ്രഖ്യാപനം ഇന്നോ നാളെയോ
ഇന്നലെ ഡൽഹിയിൽ ചർച്ചയൊന്നും നടന്നില്ല. വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയ്ക്കു പോയ രാഹുൽ വൈകിട്ട് മടങ്ങിയെത്തി. കർണാടക മന്ത്രിയുടെ നിര്യാണത്തെ തുടർന്ന് ബംഗളൂരുവിലേക്കു പോയ ഖാർഗെ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തും. ഇരുവരും തീരുമാനമെടുക്കുന്നതിന് മുമ്പ് സോണിയാ ഗാന്ധിയുടെയും മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെയും അഭിപ്രായവും തേടും. തുടർന്ന് മുഖ്യമന്ത്രിയെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.