കടലാസ് ക്ഷാമം പരിഹരിച്ചു, സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകം റെഡി

Wednesday 13 May 2026 12:07 AM IST

കൊച്ചി: കടലാസ് ക്ഷാമത്തിന്റെ പ്രതിസന്ധി മറികടന്ന് സ്കൂൾ പാഠപുസ്തകങ്ങൾ ഈ മാസം 22-ഓടെ അച്ചടി പൂർത്തിയാക്കി വിതരണത്തിന് സജ്ജമാക്കും. കാക്കനാട്ടുള്ള കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽ (കെ.ബി.പി.എസ്) യുദ്ധകാലാടിസ്ഥാനത്തിൽ അച്ചടി പുരോഗമിക്കുകയാണ്.

ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഒന്നാം വാള്യം പുസ്തകങ്ങൾ 78 ശതമാനം പൂർത്തിയായി. 65 ശതമാനം പുസ്തകങ്ങളുടെ വിതരണവും കഴിഞ്ഞു. ഡിസംബർ മൂന്നാം വാരമാണ് അച്ചടി ജോലികൾ ആരംഭിച്ചത്. ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചിരുന്നു.

പ്രതിദിനം ആറ് ലക്ഷം പുസ്തകങ്ങൾ

3.57 കോടി പുസ്തകങ്ങളാണ് വേണ്ടത്. പ്രതിദിനം ആറ് ലക്ഷം പുസ്തകങ്ങൾ അച്ചടിക്കുന്നു. പുറംചട്ടയ്ക്കുള്ള പേപ്പർ വിതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പേപ്പർ മില്ലുമായുണ്ടായിരുന്ന കുടിശിക തർക്കങ്ങളും പരിഹരിച്ചു.

ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്കായി 76 സെ.മീ. റീൽ പേപ്പറും അഞ്ചു മുതൽ 10 വരെയുള്ള പുസ്തകങ്ങൾക്കായി 83 സെ.മീ. റീൽ പേപ്പറുമാണ് ഉപയോഗിക്കുന്നത്. നവംബറിൽ അച്ചടി തുടങ്ങി ഏപ്രിലിൽ പുസ്തകം സ്‌കൂളിലെത്തിക്കുകയാണ് പതിവ്.

 പാഠഭാഗങ്ങൾ പരിഷ്കരിച്ചു

ഒന്നു മുതൽ പത്തു വരെയുള്ള പാഠപുസ്തകങ്ങൾ രണ്ട് ഘട്ടങ്ങളിലായി കഴിഞ്ഞ അദ്ധ്യയനവർഷം എസ്.സി.ഇ.ആർ.ടി പരിഷ്കരിച്ചിരുന്നു. പ്ലസ് വൺ പാഠപുസ്തകങ്ങളും പുതുക്കി നിശ്ചയിച്ചു. പ്ലസ് ടു പാഠപുസ്തകങ്ങളുടെ പരിഷ്കരണ നടപടികളും ആരംഭിച്ചിട്ടുണ്ട്.

പാഠപുസ്‌തകങ്ങളുടെ അച്ചടി സ്‌കൂൾ തുറക്കും മുമ്പേ പൂർത്തിയാകും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്‌.

സുനിൽ ചാക്കോ, എം.ഡി.

കെ.ബി.പി.എസ്‌