
കോട്ടയം: പ്രസവ ചികിത്സയ്ക്കിടെയുണ്ടായ പിഴവുമൂലം യുവതി മരിച്ചതായി പരാതി. കോട്ടയം മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയരുന്നത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബയാണ് (29) മരിച്ചത്. യുവതി മരിച്ചതിനുശേഷമാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഫേബയെ ലേബർ റൂമിലേയ്ക്ക് കയറ്റിയതിനുശേഷം ഒരു വിവരവും അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ.
കഴിഞ്ഞ ശനിയാഴ്‌ചയാണ് പ്രസവത്തിനായി അഡ്‌മിറ്റ് ചെയ്തത്. സിസേറിയൻ ആയിരുന്നുവെന്ന് അറിയിച്ച ആശുപത്രി അധികൃതർ പിന്നീട് നോർമൽ ഡെലിവറിയായിരുന്നുവെന്ന് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. നടുവിനും വയറിനും വേദനയുണ്ടായതിനെത്തുടർന്നാണ് ലേബർ റൂമിലേയ്ക്ക് കയറ്റിയത്. തങ്ങൾ മാക്‌സിമം ശ്രമിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. എന്നാൽ ഫേബയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയില്ല. റിപ്പോർട്ടുകളിലൊന്നും യാതൊരു പ്രശ്നവുമില്ലായിരുന്നു. സന്തോഷത്തോടെയാണ് ഫേബ ആശുപത്രിയിലുണ്ടായിരുന്നത്. വേദനയുണ്ടായിട്ടും എട്ട് മണിക്കൂറോളം ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
വിഷയത്തിൽ ഇതുവരെ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ ആശുപത്രിയിൽ നിന്ന് റഫർ ചെയ്തതിനെത്തുടർന്നാണ് പ്രസവ ചികിത്സയ്ക്കായി ഫേബ കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. രണ്ടാമത്തെ പ്രസവമാണ്. ഏഴുവയസുള്ള മകനുണ്ട്. മൃതദേഹം ആലപ്പുഴ അർത്തുങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് സംസ്‌കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |