ബാലഭാസ്‌കറിന്റെ മരണം:..... വില്ലനെ കണ്ടെത്താൻ സി.ബി.ഐ വീണ്ടുമെത്തും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന് പിന്നിലെ വില്ലനെ കണ്ടെത്താൻ സി.ബി.ഐ വീണ്ടുമെത്തും. ബാലുവിന്റെ ട്രൂപ്പംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും മൊഴികളുമെല്ലാം പുനഃരന്വേഷിക്കും.
അപകടത്തിൽ സ്വർണക്കടത്തുകാർക്ക് ബന്ധമുണ്ടെന്നും, ബാലയുടെ മരണശേഷം ദുരൂഹമായ സാമ്പത്തിക ഇടപാടുണ്ടായെന്നും സി.ബി.ഐ എഫ്.ഐ.ആറിനൊപ്പം സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ബാലഭാസ്‌കർ മരിച്ച് എട്ടു മാസം കഴിഞ്ഞ് മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുൾ ജമീലും തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള 25കിലോ സ്വർണക്കടത്ത് കേസിൽ പ്രതികളായി. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 65 ദിവസങ്ങളിലായി 26 പേർ ചേർന്ന് 350 കോടിയുടെ 705കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയത്. റെക്കോഡിസ്റ്റ് അബ്ദുൾജബ്ബാറായിരുന്നു കാരിയർ. എന്നാൽ ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഇവർ സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് ആദ്യാന്വേഷണത്തിലെ കണ്ടെത്തൽ.
ബാലഭാസ്‌കറുമായുള്ള ബന്ധം സുഹൃത്തുക്കൾ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടത് ഡി.ആർ.ഐയാണ്. അതേസമയം അമിതവേഗതയും അശ്രദ്ധയുമാണ് കാറപകടത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ കണ്ടെത്തലിന് സമാനമാണ് സി.ബി.ഐയുടേതും.
210കിലോ സ്വർണം കടത്തിയെന്ന്
കസ്റ്റംസ് സൂപ്രണ്ടിനെ പ്രതികൾ പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേരുപയോഗിച്ച്
7മാസത്തിനിടെ പ്രകാശൻ 7 തവണയും വിഷ്ണു 10 തവണയും ദുബായിലെത്തി
210കിലോ സ്വർണം കടത്തിയെന്ന് ഡി.ആർ.ഐ
ബാലയുടെ വിദേശപരിപാടി നിയന്ത്രിച്ചത് സ്വർണക്കടത്ത് പ്രതിയുടെ മരുമകൻ
പാലക്കാട്ടെ ഡോക്ടറുമായുള്ള ലക്ഷങ്ങളുടെ പണമിടപാടും ദുരൂഹം
ഡോക്ടറുടെ മകൻ അപകടദിവസം തിരുവനന്തപുരത്തെത്തി
താമസിച്ചത് പ്രകാശൻതമ്പിയുടെ വീട്ടിൽ
അമ്മയാണ് അപകട വിവരം അറിയിച്ചതെന്നാണ് ഇയാളുടെ മൊഴി
അപകടം ഉടൻ തന്നെ അവർ എങ്ങനെയറിഞ്ഞതിൽ ദുരൂഹത
അപകടസ്ഥലത്ത് സ്വർണക്കടത്ത് പ്രതി റൂബൻ തോമസിനെ കണ്ടെന്ന് കലാഭവൻ സോബി
എന്നാൽ റൂബൻ ബംഗളൂരുവിലായിരുന്നെന്നും മൊഴി കളവാണെന്നും സി.ബി.ഐ
''ഏറ്റവും സംശയകരമായ കാര്യങ്ങളെക്കുറിച്ചായിരിക്കും തുടരന്വേഷണം""
-സി.ബി.ഐ