ഇന്ത്യയും ഇറ്റലിയും: തന്ത്രപരമായ പങ്കാളിത്തം
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ഇപ്പോൾ നിർണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സമീപവർഷങ്ങളിൽ, അഭൂതപൂർവമായ വേഗതയിലാണ് നമ്മുടെ ബന്ധം വിപുലീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ മൂല്യങ്ങളിലും ഭാവിയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടിലും അധിഷ്ഠിതമായ സൗഹൃദത്തിൽ നിന്ന്, സവിശേഷമായ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് അത് വികസിച്ചിരിക്കുന്നു.
അന്താരാഷ്ട്രക്രമം വലിയ പരിവർത്തനങ്ങൾക്കു വിധേയമാകുന്ന ഈ സമയത്ത്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഉന്നത രാഷ്ട്രീയ-സ്ഥാപന തലങ്ങളിലെ പതിവു ചർച്ചകളിലൂടെയാണ് മുന്നോട്ടു നയിക്കപ്പെടുന്നത്. ഇതു നമ്മുടെ സാമ്പത്തിക ചടുലതയും സാമൂഹ്യ സർഗാത്മകതയും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നാഗരിക ജ്ഞാനവും ഒന്നിപ്പിക്കുന്ന പുതിയതും ഉയർന്നതുമായ തലത്തിലേക്കു വളരുകയാണ്.
വ്യാവസായിക ശക്തി എന്ന നിലയിലുള്ള ഇറ്റലിയുടെ സ്ഥാനം പ്രതിഫലിപ്പിക്കുന്ന ഇറ്റാലിയൻ രൂപകൽപ്പന, നിർമ്മാണമികവ്, ലോകോത്തര സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവയും, ഇന്ത്യയുടെ അതിവേഗ സാമ്പത്തിക വളർച്ച, എൻജിനിയറിംഗ് പ്രതിഭകൾ, വ്യാപ്തി, നൂറിലധികം യൂണികോണുകളും രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും അടങ്ങുന്ന നവീകരണ-സംരംഭക ആവാസവ്യവസ്ഥ എന്നിവയും തമ്മിൽ കരുത്തുറ്റ പങ്കാളിത്തത്തിനു രൂപം നൽകാനാണു നാം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇരുദിശകളിലുമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനു വഴിയൊരുക്കുന്നു. പ്രതിരോധം-എയ്റോസ്പേസ്, ഹരിത സാങ്കേതികവിദ്യകൾ, യന്ത്രസാമഗ്രികൾ, വാഹനനിർമ്മാണ ഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധനിർമ്മാണം, വസ്ത്രവ്യാപാരം, അഗ്രി-ഫുഡ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 2029ഓടെ 20 ശതകോടി യൂറോ എന്ന ലക്ഷ്യത്തിൽ എത്തിക്കാനും അതു മറികടക്കാനും ആഗ്രഹിക്കുന്നു.
‘മെയ്ഡ് ഇൻ ഇറ്റലി’ എന്നതു ലോകമെമ്പാടും മികവിന്റെ പര്യായമാണ്. ഇന്നതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഉന്നത ഗുണനിലവാര ലക്ഷ്യങ്ങളുമായി സ്വാഭാവികമായ സംയോജനം കണ്ടെത്തുന്നു. സാങ്കേതിക നവീകരണമാണു നമ്മുടെ പങ്കാളിത്തത്തിന്റെ കാതൽ. നിർമ്മിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അത്യാധുനിക ഉത്പാദനം, നിർണായക ധാതുക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ പുരോഗതിയോടെ, വരാനിരിക്കുന്ന പതിറ്റാണ്ടുകൾ മാനദണ്ഡങ്ങൾക്കതീതമായ വ്യാപ്തിയുള്ള സാങ്കേതിക വിപ്ലവത്താൽ രൂപപ്പെടുമെന്നതു തീർച്ചയാണ്.
ഉയർന്ന വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണൽ പ്രതിഭകളുടെ ലഭ്യതയും ഇന്ത്യയുടെ ചടുലമായ നവീകരണ ആവാസവ്യവസ്ഥയും, ഇറ്റലിയുടെ നൂതന വ്യാവസായികശേഷിയും ചേരുമ്പോൾ ഈ മേഖലകളിലെ സഹകരണം സ്വാഭാവികവും തന്ത്രപരവുമായി മാറുന്നു.
നിർമ്മിതബുദ്ധി വികസനം
നിർമ്മിതബുദ്ധിയുടെ വികസനം ഉത്തരവാദിത്വമുള്ളതും മനുഷ്യകേന്ദ്രീകൃതവുമാണെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ഇറ്റലിയും ദീർഘകാലമായി ഒരുമിച്ചു പ്രവർത്തിക്കുന്നു. നമ്മുടെ സഹകരണം ബഹിരാകാശമേഖലയെയും ഉൾക്കൊള്ളുന്നു. ബഹിരാകാശ പര്യവേഷണത്തിലും ഉപഗ്രഹ സാങ്കേതികവിദ്യയിലും ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളും ഇറ്റലിയുടെ മികച്ച എയ്റോസ്പേസ് എൻജിനിയറിംഗ് വൈദഗ്ദ്ധ്യവും, സംയുക്ത സംരംഭങ്ങൾക്കും അടുത്ത തലമുറ സാങ്കേതിക വികസനത്തിനും വലിയ അവസരങ്ങൾ നൽകുന്നു.
പ്രതിരോധം, സുരക്ഷ
പ്രതിരോധം, സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇറ്റലിയും ഇന്ത്യയും ആഗ്രഹിക്കുന്നു. ഈ സഹകരണം നിർണായകമായ സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭീകരവാദം, അന്താരാഷ്ട്ര ക്രിമിനൽശൃംഖലകൾ, ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ ഭീഷണികളെ നേരിടുന്നതിനുള്ള കരുത്ത് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
പുനരുൽപ്പാദക ഊർജം മുതൽ ഹൈഡ്രജൻ സാങ്കേതികവിദ്യകൾ വരെയും, സ്മാർട്ട് ഗ്രിഡുകൾ മുതൽ പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾ വരെയും ഇന്ത്യയും ഇറ്റലിയും സഹകരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള അഗാധമായ പങ്കാളിത്തവും ശാശ്വതമായ സാംസ്കാരിക ബന്ധവും പ്രയോജനപ്പെടുത്തി, പൊതുവായ വെല്ലുവിളികളെ നേരിടാൻ നമുക്കു കഴിയും.