തിരുവനന്തപുരം: കൊച്ചി പുറംകടലിൽ എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള ആഘാതവും സാമ്പത്തിക നഷ്ടവും പരിസ്ഥിതി ദുരന്തവും അടക്കമുള്ളവ പഠിക്കാനും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതികളെ നിയോഗിച്ചു.
പരിസ്ഥിതി, സാമൂഹിക- സാമ്പത്തിക ആഘാതം പഠിക്കാൻ ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കേണ്ടതും നഷ്ടപരിഹാരം നേടിയെടുക്കാൻ ഷിപ്പിംഗ് കമ്പനിയുമായി ചർച്ചകൾ നടത്തേണ്ടതും ഈ സമിതിയാണ്. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയും കപ്പൽ പൂർണമായി കേരള തീരത്തു നിന്നു മാറ്റുകയും വേണം. തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യു, വ്യവസായ, കൃഷി പ്രിൻസിപ്പൽ സെക്രട്ടറിമാർ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരാണ് സമിതിയംഗങ്ങൾ.
പാരിസ്ഥിതിക ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുണ്ട്. എണ്ണപ്പാടയും തീരത്തണഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാനും നടപടികളെടുക്കണം. കടലിൽ താഴ്ന്ന കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുള്ള ശ്രമവും നടത്തും. കടലിനും മത്സ്യസമ്പത്തിനും നാശമുണ്ടോയെന്നതും പരിശോധിക്കും.
പരിസ്ഥിതി, സാമൂഹിക- സാമ്പത്തികാഘാതം സംബന്ധിച്ച പഠനം നടത്താൻ പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ആഘാത പഠന പ്രിൻസിപ്പൽ ഓഫീസറാക്കി സമിതി രൂപീകരിച്ചു. മത്സ്യബന്ധനം, വിനോദസഞ്ചാരം, ഹാർബർ എൻജിനീയറിംഗ്, തുറമുഖം, വ്യവസായ- വാണിജ്യം, കൃഷി, ജലവിഭവം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളിലെ വിദഗ്ദ്ധരും സമിതിയിലുണ്ട്. നഷ്ടപരിഹാരം നേടിയെടുക്കാനടക്കം നോഡൽ ഓഫീസറായി ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെ നിയോഗിച്ചിട്ടുണ്ട്. നഷ്ടപരിഹാര ക്ലെയിമുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |