പസഫിക് തീരങ്ങളിൽ ജാഗ്രത
മോസ്‌കോ: റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചറ്റ്‌ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായതിന് പിന്നാലെ റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ ആഞ്ഞടിച്ച് സുനാമിത്തിരകൾ. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.54നാണ് റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുടർന്ന് റഷ്യ അടക്കം പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കാംചറ്റ്‌കയുടെ കിഴക്കൻ തീരത്ത് 13 അടി വരെ ഉയരത്തിൽ സുനാമിത്തിരകളുണ്ടായി. സെവറോ കുറിൽസ്കിൽ 16 അടി വരെ ഉയരത്തിൽ തിരയടിച്ചു. തുറമുഖങ്ങളിലുൾപ്പെടെ വെള്ളം കയറി. ജപ്പാനിലെ വിവിധ തീരങ്ങളിലും യു.എസിലെ ഹവായ്, കാലിഫോർണിയ തീരങ്ങളിലും ഫ്രഞ്ച് പോളിനേഷ്യയിലെ മാർകേസാസ് ദ്വീപിലും വൻതിരകളെത്തി. നാശം വിതച്ചില്ല. മുന്നറിയിപ്പ് നൽകിയതിനാലും 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചതിനാലും ആളപായമില്ല. ഇന്നലെ വൈകിട്ടോടെ റഷ്യയിലും മറ്റ് പസഫിക് തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നീക്കിത്തുടങ്ങി.
ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, കാനഡ, ദക്ഷിണ കൊറിയ, മെക്സിക്കോ, ചിലി, കൊളംബിയ, കോസ്റ്റ റീക, പെറു, ഫിലിപ്പീൻസ്, ഫിജി, സമോവ തുടങ്ങി ഇടങ്ങളിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ചൈനയിൽ ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും പിൻവലിച്ചു.
# സുനാമിത്തിരയെത്തിയ ഇടങ്ങൾ
റഷ്യ
കിഴക്കൻ കാംചറ്റ്‌ക, സെവറോ കുറിൽസ്ക്, നിക്കോൾസ്കോയെ
തിരകളുടെ ഉയരം - 0.2 അടി മുതൽ 16 അടി വരെ
ജപ്പാൻ
നെമുറോ, കുജി, ഇഷിനോമാകി, ഓറായ്, ഹമാനാക, യോകോഹാമ, ഒഫുനാറ്റോ, കമൈഷി
ഉയരം - 30 സെ.മീ മുതൽ 4.3 അടി വരെ
യു.എസ്
മിഡ്‌വേ അറ്റോൾ, കാലിഫോർണിയ, ഹവായ്‌യിലെ കഹൂലുയി, ഹിലോ, ഹലേ ഇവ
ഉയരം - 1.2 അടി മുതൽ 5.7 അടി വരെ
# ഏറ്റവും ശക്തം
ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ശക്തമായ ആറാമത്തെ ഭൂകമ്പമാണ് ഇന്നലെ കാംചറ്റ്‌കയിലുണ്ടായത്. 1952ന് ശേഷം മേഖലയിലുണ്ടായ ഏറ്റവും വലുത്. മോസ്കോയിൽ നിന്ന് 6,800 കിലോമീറ്റർ അകലെയുള്ള കാംചറ്റ്‌ക ഉപദ്വീപ് ഭൂകമ്പ സാദ്ധ്യത കൂടിയ പ്രദേശമാണ്. ഇവിടുത്തെ 19 സജീവ അഗ്നിപർവതങ്ങൾ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽപ്പെടുന്നു. ഈ മാസം 20ന് കാംചറ്റ്‌കയ്ക്ക് കിഴക്ക് റിക്ടർ സ്കെയിലിൽ 6.6 മുതൽ 7.4 വരെ തീവ്രതയിൽ അഞ്ച് ഭൂചലനങ്ങളുണ്ടായത് ആശങ്ക പരത്തി.
# ഫുകുഷിമ സുരക്ഷിതം
ജപ്പാനിലെ ഫുകുഷിമാ ആണവ നിലയം സുരക്ഷിതമാണ്. സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആണവ നിലയം ഒഴിപ്പിച്ചിരുന്നു. 2011ൽ ജപ്പാനിലുണ്ടായ 9.0 തീവ്രതയിലെ ഭൂകമ്പവും പിന്നാലെയുണ്ടായ സുനാമിയും ഫുകുഷിമാ ആണവ നിലയത്തിൽ വൻ പൊട്ടിത്തെറിക്ക് ഇടയാക്കി. 19,000 പേരാണ് അന്ന് ജപ്പാനിൽ കൊല്ലപ്പെട്ടത്.
# അഗ്നിപർവ്വത സ്‌ഫോടനം
ഭൂകമ്പത്തിന് പിന്നാലെ കാംചറ്റ്‌കയിലെ കല്യൂചെവ്‌സ്‌കോയ് സജീവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |