ലണ്ടൻ: ഇന്ത്യൻ വംശജനായ പ്രശസ്‌ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘനാഥ് ദേശായി (85) അന്തരിച്ചു. യു.കെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഒഫ് ലോർഡ്സിലെ അംഗമായിരുന്നു. 1940 ജൂലായ് 10ന് ഗുജറാത്തിലെ വഡോദരയിലാണ് ജനനം. യൂണിവേഴ്സിറ്റി ഒഫ് മുംബയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി.
യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ ബെർക്‌ലീയിലെ കാർഷിക സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് സ്പെഷ്യലിസ്റ്റായി തുടക്കം. 1965ൽ ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ (എൽ.എസ്.ഇ) ലക്‌ചററായി. 1983ൽ പ്രൊഫസർ പദവിയിൽ. 1990 മുതൽ 1995 വരെ എൽ.എസ്.ഇയുടെ ഡെവലപ്മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായി. 1992 മുതൽ 2003 വരെ എൽ.എസ്.ഇ ഗ്ലോബൽ ഗവേണൻസിനെ നയിച്ചു. സാമ്പത്തിക സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും ശ്രദ്ധനേടി. മുംബയിൽ മേഘനാഥ് ദേശായ് അക്കാഡമി ഒഫ് ഇക്കണോമിക്‌സ് സ്ഥാപിച്ചു. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1986 - 1992 കാലയളവിൽ പാർട്ടിയുടെ ചെയർമാൻ സ്ഥാനം വഹിച്ചു.1991ൽ ഹൗസ് ഒഫ് ലോർഡ്സിൽ അംഗമായി. 2011ൽ ഹൗസ് ഒഫ് ലോർഡ്സിലെ സ്‌പീക്കർ സ്ഥാനത്തിനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2020ൽ പാർട്ടി വിട്ടു. 2008ൽ ഇന്ത്യ പദ്മഭൂഷൺ നൽകി ആദരിച്ചു. ഭാര്യ കിഷ്‌വർ ദേശായി. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |