കൊല്ലം: കടലിനക്കരെ നിന്ന് ഓടിയെത്തിയ അമ്മ സുജ നെഞ്ചുപൊട്ടിവിളിച്ചിട്ടും മിഥുൻ ഇന്നലെ ഉണർന്നില്ല. എപ്പോഴും ബഹളം വച്ച് നടക്കാറുള്ള മിഥുൻ ഇന്നലെ ഒന്നും മിണ്ടാതെ അച്ഛനോടും അമ്മയോടും അനുജനോടും കൂട്ടുകാരോടും യാത്ര പറഞ്ഞു. ഒരു സൈക്കിൾ വേണം,വീട്,പിന്നെയൊരു ഫുട്ബാൾ ബൂട്ട്. മിഥുന്റെ സ്വപ്നങ്ങൾ നിറവേറ്റാനുമാണ് അമ്മ കുവൈറ്റിലേക്ക് ഹൗസ് മെയ്ഡ് ജോലിക്ക് പോയത്.
സുജ ഇന്നലെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സ്വപ്നങ്ങളെല്ലാം വഴിയുലടഞ്ഞ് മരവിച്ച് കിടക്കുകയായിരുന്നു മിഥുൻ. എന്റെ പൊന്നുമോനേ... എന്റെ പൊന്നേ... എന്ന് നിലവിളിച്ച് സുജ മിഥുനെ കിടത്തിയ കണ്ണാടിച്ചില്ലിന് മുകളിലേക്ക് മുഖം അമർത്തിയപ്പോൾ കണ്ട് നിന്നവരെല്ലാം ഉള്ളുലഞ്ഞ് വിതുമ്പി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വിളന്തറയിലെ വീടിലെത്തിച്ച മിഥുന്റെ മൃതദേഹം വീടിന്റെ എറയത്ത് പായിൽ കിടത്തിയപ്പോഴും ചലനമറ്റ അവനെ കാണാനുള്ള കരുത്ത് അച്ഛൻ മനുവിനുണ്ടായിരുന്നില്ല. കുവൈറ്റിലായിരുന്ന സുജ ഇന്നലെ രാവിലെയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കളിപ്പാട്ടങ്ങളുമായി താൻ വരുമ്പോൾ മിഥുനും സുജിനും വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത് സുജ സ്വപ്നം കണ്ടിരുന്നിരിക്കാം. പക്ഷേ അവിടെ സുജയെ സ്വീകരിക്കാൻ ഇളയമകൻ സുജിനേ ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് കാറിൽ രണ്ടുമണിയോടെ സുജ വീട്ടിലെത്തിയ ശേഷമാണ് മനു പൊന്നുമോനരികിലേക്ക് എത്തിയത്. പിന്നെ മിഥുന്റെ അരികിൽ മനുവും സുജയും സുജിനും കെട്ടിപ്പിടിച്ചിരുന്നു.
ഇതിനിടെ കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെ അവസാനമായി അവനെ കണ്ടുമടങ്ങി. ചിതയിലേക്ക് എടുക്കും മുമ്പ് കണ്ണാടിക്കൂടിന്റെ മുകളിലെ ചില്ല് മാറ്റിയപ്പോൾ സുജയും അച്ചാമ്മ മണിയമ്മയും ചന്ദനക്കുറിയിട്ട മിഥുന്റെ നെറ്റിയിലും കവിളിലും 'പൊന്നുമോനേ ഉണരെടാ...' എന്ന് നിലവിളിച്ചുകൊണ്ട് ചുംബിച്ചു. അനുജൻ സുജിനും അച്ഛനും മിഥുന് അന്ത്യചുംബനം നൽകി.
സുജ ചേർത്തുപിടിക്കാൻ ശ്രമിച്ചിട്ടും നാലരയോടെ ബന്ധുക്കൾ മിഥുനെ അമ്മയിൽ നിന്ന് അടർത്തിയെടുത്ത് ചിതയ്ക്കരികിലേക്ക് കൊണ്ടുപോയി. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ശേഷം അനുജൻ സുജിൻ,മിഥുന്റെ ചിതയ്ക്ക് തീകൊളുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |