
കാലടി: താലപ്പൊലിയിൽ പങ്കെടുക്കാൻ ചിത്രപ്രിയയ്‌ക്കുള്ള സെറ്റ് സാരിയും താലവുമെല്ലാം ഒരുക്കിവച്ചാണ് അമ്മ ഷിനിയും പിതാവ് ഷൈജുവും മുണ്ടങ്ങാമറ്റത്ത് അയ്യപ്പസേവാസംഘം നടത്തിയ അയ്യപ്പൻ വിളക്ക് കാണാൻ പോയത്. 7.30ന് ആരംഭിക്കുന്ന താലപ്പൊലിക്ക് മകൾ എത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പരിപാടിയെല്ലാം കഴിഞ്ഞ് മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോഴും മകൾ എത്തിയിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം കിട്ടിയപ്പോഴാണ് താലപ്പൊലിക്ക് വരാതെ അവൾ പോയത് മരണത്തിലേക്കാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സ്‌പോർട്‌സിലും മിടുക്കിയായിരുന്നു. വോളിബാൾ, ഷട്ടിൽ, ബാസ്‌കറ്റ് ബാൾ എന്നിവയിലെല്ലാം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പത്താം ക്ലാസുവരെ നീലീശ്വരം എസ്.എൻ.ഡി.പി സ്‌കൂളിലായിരുന്നു പഠനം. ബാസ്‌കറ്റ്ബാളിൽ താത്പര്യമുള്ളതിനാൽ പ്ലസ് വണ്ണിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിലേക്ക് മാറി. അവിടെ ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഏറെ കൊതിച്ച ഏവിയേഷൻ കോഴ്‌സിന് അഡ്മിഷൻ ലഭിച്ചാണ് ബംഗളൂരുവിലേക്ക് പോയത്.
ശനിയാഴ്ച രാത്രി 11ന് മകളെ കാണാതായ ആശങ്കയിൽ അലനെ ചിത്രപ്രിയയുടെ പിതാവ് ഷൈജു വിളിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ചിത്രയുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു. തങ്ങൾ ഏഴരയോടെ പിരിഞ്ഞെന്നും പ്രണയബന്ധം അവസാനിപ്പിച്ചെന്നുമാണ് അലൻ പറഞ്ഞത്.
റബർ തോട്ടത്തിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെത്തിയിരുന്നു. അലൻ മദ്യലഹരിയിലാണ് ചിത്രപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. ഒന്നിലധികം തവണ കല്ലിന് അടിച്ചതിനാൽ തലയ്‌ക്കു പിന്നിൽ ഗുരുതര പരിക്കുണ്ടായിരുന്നു. ചിത്രപ്രിയയുടെ ദേഹത്തും മുറിവുകൾ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |