പശുവും ചത്തു
കാസർകോട്: പശുവിനെ മേയ്ക്കാൻ പോയ ക്ഷീര കർഷകൻ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മരിച്ചു. പശുവും ചത്തു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ കോളിയടുക്കം വയലാംകുഴി പച്ചിലങ്കരയിലെ കുഞ്ഞുണ്ടൻ നായരാണ് (75) മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ വീടിനടുത്തുള്ള വയലിലേക്ക് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. ഉടൻ ലൈൻമാനെ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൊട്ടടുത്ത് പശുവും ചത്തു കിടന്നിരുന്നു.
കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ചാഞ്ഞുകിടന്നിരുന്ന കവുങ്ങ് ഞായറാഴ്ച വൈകിട്ട് മുറിച്ചുമാറ്റിയപ്പോൾ വൈദ്യുത പോസ്റ്റിൽ വീണ് പോസ്റ്റ് ചരിഞ്ഞിരുന്നു. ആ സമയം പൊട്ടിയതാണ് വൈദ്യുതി കമ്പിയെന്ന് കരുതുന്നു. ലൈൻ പൊട്ടിയത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പോസ്റ്റ് ചരിഞ്ഞത് കെ.എസ്.ഇ.ബിയിൽ അറിയിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ആരുമെത്തിയില്ലെന്ന് നാട്ടകാർ ആരോപിക്കുന്നു. ചട്ടഞ്ചാൽ വൈദ്യുതി സെക്ഷന്റെ പരിധിയിലാണ് അപകടം നടന്ന പ്രദേശം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിൽ സംസ്‌കരിച്ചു. ഭാര്യ: സാവിത്രി. മറ്റ് മക്കൾ: ശാന്ത, ശ്യാമള, രാജേശ്വരി.
അറിയിച്ചില്ലെന്ന്
കെ.എസ്.ഇ.ബി
പോസ്റ്റ് ചരിഞ്ഞതോ ലൈൻ പൊട്ടിവീണതോ ആരും അറിയിച്ചില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നു. ഞായറാഴ്ച വൈകിട്ട് മുതൽ മൂന്ന് ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഒരാൾ ഫോൺ അറ്റൻഡ് ചെയ്യാനും രണ്ടുപേർ ഫീൽഡിൽ പോകാനും ഉള്ളതായിരുന്നു. രാത്രിയാണ് സംഭവമെങ്കിലും വിവരം അറിയിച്ചാൽ ആവശ്യമായ നടപടി എടുക്കുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |