തിരുവനന്തപുരം: അന്യസംസ്ഥാന പച്ചക്കറികളിലെ വിഷാംശം ഭീഷണിയായതോടെ പച്ചക്കറികൃഷി ശീലമാക്കി മലയാളികൾ. സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന കൃഷി സമൃദ്ധി എന്നിവയിലൂടെ ഇക്കൊല്ലം ഉത്പാദനത്തിൽ സർവകാല റെക്കാഡാകുമെന്നാണ് കൃഷിവകുപ്പധികൃതർ പ്രതീക്ഷിക്കുന്നത്.
2024ൽ സംസ്ഥാനത്ത് വിളവെടുത്ത പച്ചക്കറി 17.21 ലക്ഷം മെട്രിക് ടണ്ണാണ്. 1.15 ലക്ഷം ഹെക്ടറിലായിരുന്നു കൃഷി.
പ്രതിവർഷം ശരാശരി 20 -21 ലക്ഷം ടൺ പച്ചക്കറിയാണ് കേരളത്തിന് വേണ്ടത്.അതിൽ 4 -5 ലക്ഷം ടൺ മാത്രമാണ് ഇപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത്. എട്ടുവർഷം മുമ്പ് 14 ലക്ഷം ടൺ പച്ചക്കറി പുറമെ നിന്നും എത്തിച്ചിരുന്ന സ്ഥാനത്താണ് ഈ മാറ്റം. വീട്ടുവളപ്പുകളിൽ ചെറിയ നിലയിൽ പച്ചക്കറികൃഷി തുടങ്ങിയതും തരിശു കിടന്ന പാടങ്ങളും പറമ്പുകളും കൃഷിക്കായി ഉപയോഗിച്ചു തുടങ്ങിയതും മുന്നേറ്റത്തിന് താങ്ങായി.
ഓണത്തിന് ഒരു മുറം പച്ചക്കറി
25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും പച്ചക്കറി ഇനങ്ങളുടെ 100 ലക്ഷം തൈകളും കൃഷി ഭവനുകൾ വഴി കൃഷിക്കാർക്ക് വിതരണം ചെയ്തു. ദീർഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) 2 ലക്ഷം തൈകളും ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തി.അത്യുല്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളും വിതരണം ചെയ്‌തു.ഇതിൽ നിന്നുള്ള വിളവെടുപ്പ് പൂർത്തിയാകുമ്പോൾ വൻ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വർഷം ..........കൃഷിസ്ഥലം (ഹെക്ടറിൽ)..............വിളവ് (ലക്ഷം ടൺ)
2015 -16...................60.85 ...................................... 6.28
2019-20 .................96,313.......................................14.93
2020-21 ...............1.06 ലക്ഷം................................. 15.72
2021-22 ...............1.22 ലക്ഷം .................................15.70
2022 -23 ............. 1.23 ലക്ഷം .................................16.05
2023 -24 ............. 1.15 ലക്ഷം .................................17.21
2024 -25 ............. 1.10 ലക്ഷം ............................ 17.20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |