
തിരുവനന്തപുരം: ഹിന്ദു സമുദായ നേതാക്കളെ വർഗീയവാദികളാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ്, മത തീവ്രവാദ സംഘടനകളുടെ കാൽച്ചുവട്ടിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എസ്.എസും എസ്.എൻ.ഡി.പിയും മാത്രമല്ല മുഴുവൻ സാമുദായിക സംഘടനകളും ഒരുമിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അഴിമതി നിറഞ്ഞ പത്തുവർഷത്തെ ഇടതുഭരണം ജനം മടുത്തു.
ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനയെ മുഖ്യധാരയിലെത്തിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ശ്രമിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് ജനകീയ പരിവേഷം നൽകാൻ ശ്രമിച്ചാൽ വിജയിക്കില്ല. കോൺഗ്രസ് പ്രീണന രാഷ്ട്രീയത്തിന്റെയും അഴിമതിയുടേയും വക്താക്കളായി മാറി. രാഷ്ട്രീയത്തെ അഴിമതിക്കുള്ള അവസരമായി കണ്ടവരാണ് കോൺഗ്രസ്. 2014ൽ ഇതേകാരണത്താലാണ് കോൺഗ്രസിനെ ജനങ്ങൾ പുറത്താക്കിയത്.
ഭൂരിപക്ഷ ഹിന്ദുസമുദായത്തിന് കഴിഞ്ഞകാലങ്ങളിൽ എന്തുകിട്ടിയെന്ന് ചർച്ചചെയ്യണം. ബംഗ്ലാദേശിലും പാകിസ്ഥാനിലും സമാധാനം തകർക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന കോൺഗ്രസിനെയും മുമ്പ് കൂട്ടുപിടിച്ച ഇടതുപക്ഷത്തേയും തിരഞ്ഞടുപ്പിൽ ജനങ്ങൾ തള്ളും. കേരളത്തിൽ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ഏറ്റവുംകൂടുതൽ അനുഭവിക്കുന്നത് ഹിന്ദു സമുദായമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സാമൂഹിക യാഥാർത്ഥ്യങ്ങൾ ചർച്ചചെയ്ത് പരിഹാരം കണ്ടെത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |