
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഹൈക്കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെ ആശങ്കയിൽ ദേവസ്വം ബോർഡ്. ചെലവ് 4.99 കോടിയെന്ന പരിധിക്ക് പുറത്തുപോകുമോയെന്നതാണ് ബോർഡിനെ ആശങ്കയിലാക്കുന്നത്.
ബില്ലുകളും കണക്കുകളും ഇന്നലെയാണ് ഓഡിറ്റർക്ക് കൈമാറിയത്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഐ.ഐ.ഐ.സി നൽകിയ 400 ബില്ലുകളാണ് ഓഡിറ്റർക്ക് കൈമാറിയത്. ഇത് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർ രേഖപ്പെടുത്തിയ പരാമർശങ്ങൾ ഒഴിവാക്കാനുള്ള റിപ്പോർട്ടും ദേവസ്വം ബോർഡ് കൈമാറി. സംയുക്ത പരിശോധനാ പട്ടികയിലെ അപാകത പരിഹരിച്ച് ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടും ഇതോടൊപ്പമുണ്ട്. ഐ.ഐ.ഐ.സി നൽകിയ ബില്ലുകൾ എല്ലാം ഉയർന്ന തുകയുടേതാണ്. ഇതിൽ പരിശോധന നടത്തി തുക വെട്ടിക്കുറയ്ക്കാനായിരുന്നു ബോർഡിന്റെ നീക്കം. ഹൈക്കോടതി കൂടുതൽ സമയം അനുവദിക്കാതിരുന്നതോടെ ബോർഡ് ഈ നീക്കം ഉപേക്ഷിച്ചു.
വിവാദമായതിനെ തുടർന്നാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. എന്നാൽ, 8 കോടി രൂപയ്ക്കാണ് മുൻ ബോർഡ് ഭരണസമിതി ഐ.ഐ.ഐ.സിക്ക് കരാർ നൽകിയിരുന്നത്. ഇതനുസരിച്ചുള്ള ബില്ലുകളാണ് ഐ.ഐ.ഐ.സി ബോർഡ് സമർപ്പിച്ചിട്ടുള്ളതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |