തിരുവനന്തപുരം: കള്ളപ്പണ വിനിമയ നിരോധന നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി രണ്ടുവർഷംമുമ്പ് സമൻസ് നൽകിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമൻസ് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്നാണെന്ന് ഇഡി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സമൻസ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണെന്നായിരുന്നു ആദ്യം നടന്ന ചർച്ച.
ലാവ്‌ലിൻ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരിണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നൽകിയെന്ന വിവരത്തെ തുടർന്നാണ് ഇഡി സമൻസ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചി ഓഫീസിൽ വിവേക് കിരൺ ഹാജരാകണമെന്നായിരുന്നു ഇഡി സമൻസിലെ ആവശ്യം. ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും പണം നൽകി തന്റെയും സ്ഥാപനത്തിന്റെയും ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങൾ ചെയ്യിപ്പിക്കുന്നതായിരുന്നു ദിലീപ് രാഹുലന്റെ നയം എന്ന് മൊഴിയുള്ളതായി ഇഡി വ്യക്തമാക്കുന്നു.
ഈ രീതിയിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ജി കാർത്തികേയന് 1995ൽ വലിയ തുക കൈക്കൂലി നൽകി. അതിനുശേഷം 1996ൽ പിണറായി വിജയന് വലിയ തുക നൽകി. മകൻ വിവേക് കിരണിന്റെ യുകെയിലെ വിദ്യാഭ്യാസ ചെലവിനായി വലിയ തുക ചെലവഴിച്ചു എന്ന മൊഴിയും എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോർട്ടിൽ (ഇസിഐആർ) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യത വരുത്തുന്നതിന് വേണ്ടിയായിരുന്നു വിവേക് കിരണിന് സമൻസ് അയച്ചത്. ഈ സമൻസിന്റെ ഭാഗമായി ഹാജരാകുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |