മുഖ്യമന്ത്രി ചർച്ച നീളുന്നു; അതൃപ്തിയുമായി മുസ്ലീം ലീഗ് നേതൃയോഗം
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയെങ്കിലും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി നീളുന്നതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. വിഷയം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് അടിയന്തര നേതൃയോഗം ചേരും. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ചർച്ചകൾ നീണ്ടുപോകുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലുള്ള അമർഷം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും. കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ ഉടൻ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗം തീരുമാനിക്കും. ലീഗ് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകൾ സംബന്ധിച്ച പ്രാഥമിക ധാരണകളിലും ചർച്ച നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
മുമ്പ് എഐസിസി നിരീക്ഷകർ കേരളത്തിലെത്തിയപ്പോൾ തന്നെ ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഹൈക്കമാൻഡ് തീരുമാനം വൈകുന്നത് അണികളിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് ലീഗ് നേതൃത്വം കരുതുന്നു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾഹമീദ് ഉൾപ്പെടെയുള്ളവർ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം നടക്കേണ്ട മന്ത്രിസഭാ ചർച്ചകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് ലീഗിന്റെ നീക്കം.