മണിക്കരികിൽ പ്രഫുല്ലയ്ക്കും അന്ത്യവിശ്രമം

Wednesday 13 May 2026 12:02 AM IST

തിരുനെൽവേലി: പ്രിയതമനരികിൽ അന്ത്യനിദ്രകൊള്ളണമെന്ന പ്രഫുല്ലയുടെ അന്ത്യാഭിലാഷം നിറവേറി. വീട്ടിൽ ജീവനൊടുക്കിയ കാസർകോട് കുമ്പള കിദൂർ കുണ്ട‌രടുക്കയിൽ സ്വദേശി പ്രഫുല്ലയുടെ മൃതദേഹം, വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുതവരൻ തമിഴ്‌നാട് തിരുനെൽവേലി വള്ളിയൂർ സ്വദേശി മണിയുടെ (30) കുഴിമാടത്തിനു തൊട്ടടുത്തായി സംസ്കരിച്ചു.

തിങ്കളാഴ്ച വൈകിട്ട് പ്രഫുല്ലയുടെ മൃതദേഹവുമായി കാസർകോട്ടു നിന്ന് പുറപ്പെട്ട ആംബുലൻസ് ഇന്നലെ രാവിലെ ഏഴോടെ വീട്ടിലെത്തി. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ് കുമാർ, സഹോദരി പ്രമോദിനി, ബന്ധുവായ ലോകേഷ്, മുൻ പഞ്ചായത്ത് അംഗം രവി രാജ് തുടങ്ങിയവരാണ് മൃതദേഹത്തെ അനുഗമിച്ചെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കി 11 ഓടെ മണിയുടെ കുഴിമാടത്തിനു തൊട്ടരികിലായി പ്രഫുല്ലയെയും സംസ്കരിച്ചു.

തിരുനെൽവേലിയിലെ ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനായ മണിയും സ്വകാര്യ ആശുപത്രിയിലെ നഴ്സായ പ്രഫുല്ലയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ജനുവരിയിൽ മണി അപകടത്തിൽപ്പെടുന്നത്. ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് മരിച്ചത്. മണിയുടെ സംസ്കാരച്ചടങ്ങിൽ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. മനോവിഷമത്തിലായിരുന്ന പ്രഫുല്ലയെ ഞായറാഴ്‌ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കരികിലായി തന്നെയും സംസ്കരിക്കണമെന്ന കുറിപ്പും കണ്ടെത്തിയിരുന്നു. അന്ത്യകർമ്മങ്ങൾക്കുശേഷം യുവതിയുടെ ബന്ധുക്കൾ ഇന്നലെ ഉച്ചയോടെ കാസർകോട്ടേക്ക് മടങ്ങി.