'ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യൻ'; മന്ത്രിസഭയിൽ ഉണ്ടാകുമോയെന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശൻ

Friday 15 May 2026 1:30 PM IST

തിരുവനന്തപുരം: എല്ലാക്കാലത്തും എന്റെ ലീഡറാണ് രമേശ് ചെന്നിത്തലയെന്നും ചെറുപ്പം മുതൽ വീട്ടിൽ വരാറുണ്ടെന്നും വഴുതക്കാട്ടെ വീട്ടിലെത്തി രമേശ് ചെന്നിത്തലയെ സന്ദർശിച്ചശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവായപ്പോൾ വീട്ടിലെത്തി ഞങ്ങൾ രണ്ടുപേരും ഒരേവാഹനത്തിലാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്. ചെന്നിത്തലയുടെ വീട് നിർമിച്ച കാലം മുതൽ ഇവിടെവരാറുള്ളയാളാണ് താനെന്നും വി ഡി സതീശൻ പറഞ്ഞു.

'ചെന്നിത്തല എന്റെ ജ്യേഷ്ഠസഹോദരന് തുല്യനാണ്. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ എനിക്കുണ്ടാകുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. അതെനിക്ക് തന്നിട്ടുമുണ്ട്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകുമോയെന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. അദ്ദേഹവുമായിതന്നെ കൂടിയാലോചിച്ച് തീരുമാനമെടുക്കും'- വി ഡി സതീശൻ വ്യക്തമാക്കി.

വി ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. 'ഹൈക്കമാൻഡ് തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. വളരെയേറെ വ്യക്തിപരമായി ബന്ധമുള്ളവരാണ് നമ്മളെല്ലാവരും. മന്ത്രിസഭയിൽ ഉണ്ടാകുമോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞങ്ങൾ തമ്മിൽ ഒരു ഉപാധിയുമില്ല'- രമേശ് ചെന്നിത്തല വ്യക്തമാക്കി.