SignIn
Kerala Kaumudi Online
Thursday, 14 May 2026 6.57 PM IST

ഹൈക്കമാൻഡ് സ്വന്തം കൈവെള്ളയിൽ; എന്നിട്ടും കെസിക്ക് 'പാളി'; വി.ഡി സതീശൻ അതികായനായത് എങ്ങനെ?

kc-venugopal

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് കെ.സി. വേണുഗോപാലിന്റെ പേരാണ് നേതാക്കൾക്കിടയിൽ സജീവമായി ഉയർന്നുവന്നത്. എംഎൽഎമാരുടെ പിന്തുണ കൂടി വന്നതോടെ കേരളം ഉറപ്പിച്ചു മുഖ്യമന്ത്രി കെ.സി ആണെന്ന്. തുടക്കത്തിൽ കെ.സി വേണുഗോപാലും​ രമേശ് ചെന്നിത്തലയും​ വി.ഡി സതീശനും മുഖ്യമന്ത്രി പദത്തിനായി ഇഞ്ചോേടിഞ്ച് പോരാടിയെങ്കിലും ചർച്ചകളുടെ അവസാന ഘട്ടത്തിൽ ചെന്നിത്തല അപ്രത്യക്ഷമായി.പരിഗണന കൂടുതൽ കെ.സിക്കാണെന്ന നിലയിലേക്ക് കാര്യങ്ങൾ വന്നു. എന്നാൽ അവസാനഘട്ടത്തിലാണ് സസ്പെൻസ് പൊളിച്ച് മുഖ്യമന്ത്രി കസേര വി ഡി സതീശനിലേക്ക് എത്തിയത്. ഹൈക്കമാൻഡിലും എംഎൽഎമാരിലും ഇത്രയേറെ പിടിയുണ്ടായിട്ടും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ കെ.സിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?​

ലോക്സഭയും തദ്ദേശവും

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം യുഡിഎഫിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആ പ്രതിസന്ധിയിൽ നിന്ന് യുഡിഎഫിനെ കരകയറ്റുന്നതിൽ വി.ഡി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 102 എന്ന ചരിത്രവിജയത്തിലേക്ക് നയിക്കുന്നതിൽ വി.ഡി. സതീശൻ വലിയ പങ്കുവഹിച്ചു. ലോക്സഭ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ,​ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടക്കമുള്ളവയിൽ വിജയം ആവർത്തിക്കുന്നതിൽ സതീശനും ഒരു കാരണക്കാരനായിരുന്നു. ഇത് കെ.സിക്ക് മുഖ്യമന്ത്രി ചർച്ചകളിൽ തിരിച്ചടിയായി.

ഘടകകക്ഷികളും സതീശനും

പ്രതിപക്ഷ നേതാവായ ശേഷം മുന്നണിയിൽ ഐക്യം കൊണ്ടുവരുന്നതിൽ വി ഡി സതീശന്റെ പങ്ക് നിർണായകമായിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി, കോൺഗ്രസിനെയും മുന്നണി ഘടകകക്ഷികളെയും (മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഗ്രൂപ്പുകൾ) ഒന്നിപ്പിച്ചു നിർത്തി 'ടീം യുഡിഎഫ് ' എന്ന സന്ദേശം സതീശൻ പ്രവർത്തകരിലെത്തിച്ചു. മുഖ്യമന്ത്രി ചർച്ചയിലുടനീളം മുസ്ലീം ലീഗ്,​ആർ.എസ്.പി,​ കോൺഗ്രസ് ജോസഫ് പക്ഷം തുടങ്ങിയ ഘടകകക്ഷികളുടെ പിന്തുണ വി ഡി സതീശൻ നിലനിർത്തി.മുഖ്യമന്ത്രി ചർച്ചകളുടെ തുടക്കത്തിലും ഒടുക്കത്തിലും ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ കെ.സിക്ക് കഴി‍ഞ്ഞില്ല.

ജനവികാരം കെ.സിക്ക് എതിരായി

സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ജനപിന്തുണയുള്ള വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്ക് പകരം, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കെ.സി വേണുഗോപാൽ 'പറന്നിറങ്ങി' മുഖ്യമന്ത്രിയാകുന്നതിനെതിരെ പാർട്ടിയിൽ വലിയൊരു വിഭാഗം രംഗത്തെത്തിയിരുന്നു. അണികളും വോട്ടുചെയ്ത ജനങ്ങളും കൂടി അതൃപ്തി പ്രകടിപ്പിച്ചതോടെ പ്രതിഷേധം ശക്തമായി. തിരഞ്ഞെടുപ്പുകളിൽ മുന്നിൽ നിന്നുനയിച്ച വി ഡി സതീശനുപകരം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്ത കെ സി വേണുഗോപാലിനെ പരിഗണിക്കുന്നത് ജനരോഷത്തിനു കാരണമായി.

ഉപതിരഞ്ഞെടുപ്പിൽ കെ.സി മത്സരിച്ചാൽ തോൽപ്പിക്കും

എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന നേരത്തെയുള്ള നിലപാട് ലംഘിച്ച് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വേണ്ടി ഉപതിരഞ്ഞെടുപ്പ് നേരിട്ടാൽ അദ്ദേഹത്തെ തോൽപ്പിക്കുമെന്ന് കോൺഗ്രസ് അണികൾക്കിടയിൽ തന്നെ ചർച്ചയുണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാൽ അത് പാർട്ടിക്ക് അനാവശ്യ ക്ഷീണമാകും എന്ന ആശങ്ക ഉയർന്നതും കെ സിക്ക് തിരിച്ചടിയായി.

മുതിർന്ന നേതാക്കളുടെ പിന്തുണ

സംസ്ഥാനത്തെ ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നത് മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം സുധീരൻ രാഹുൽ ഗാന്ധിയെ അറിയിച്ചത് നിർണായകമായി. മുൻ കെ.പി.സി.സി. പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വി ഡി സതീശനാണ് അർഹനെന്ന് ഹൈക്കമാൻഡിനെ അറിയിച്ചതും കെസിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.എംഎൽഎമാരുടെ പിന്തുണയേക്കാൾ അണികളെയും ജനവികാരത്തെയും പരിഗണിക്കണമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേർന്നതോടെ മുഖ്യമന്ത്രിക്കസേര കെ.സിക്ക് കിട്ടാകനിയായി മാറുകയായിരുന്നു.

Add as a preferred source on Google
TAGS: KC VENUGOPAL, CM KERALA, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA