
പാലക്കാട്: ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി തെരച്ചിൽ തുടരുന്നു. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.
അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.
രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതി എത്തിയ ദിവസത്തെ സി സി ടിവി ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ സി സി ടി വിയുടെ ഡി വി ആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല. അപ്പാർട്ട്‌മെന്റിലെ കെയർ ടേക്കർ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന. ഇയാളെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി ബാക്ക് അപ്പ് വീണ്ടെടുക്കാൻ കഴിയുമോ എന്ന് പൊലീസ് ശ്രമിക്കുന്നുണ്ട്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫംഗം ഫസലിനെയടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അന്വേഷണ സംഘം ഫ്ലാറ്റിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |